പത്തനംതിട്ട: ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസിൽ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് കഴിഞ്ഞ 27 ന് നാടുകടത്തിയത്. പത്തനംതിട്ട കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. കൊലപാതക ശ്രമം, വാഹനം തകർക്കൽ, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്.
കാപ്പാ കേസ് പ്രതിയെ നാടുകടത്തുന്ന വിവരം പൊലീസ് മാദ്ധ്യമങ്ങളെ ഔദ്യോഗികമായി അറിയിക്കാറുണ്ട്. ഉന്നത രാഷ്‌ട്രീയ ഇടപെടലുകളുടെ ഭാഗമായി അഭിജിത്തിനെതിരെ കാപ്പ ചുമത്തികാര്യം മാദ്ധ്യമങ്ങളിൽ നിന്ന് പൊലീസ് മറച്ചു വച്ചു. ഇത്തരത്തിൽ പൂഴ്‌ത്തിവച്ച റിപ്പോർട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കളും പൊലീസും തമ്മിലുള്ള തർക്കത്തെ തുടർന്ന് പുറത്ത് വന്നത്. അടൂർ മേഖലയിലെ സിപിഎമ്മിലെ ഭിന്നതയെ തുടർന്നാണിത്.
പൊലീസ് റിപ്പോർട്ട് പ്രകാരം അഭിജിത്ത് ബാലൻ അറിയപ്പെടുന്ന റൗഡിയാണ്. അടൂർ, കൂടൽ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളും നിലനിൽക്കുന്നുണ്ട്. കാപ്പ വിവാദങ്ങൾ ഒന്നിന് പുറമെ ഒന്നായി പത്തനംതിട്ടയിൽ സിപിഎമ്മിനെ വിടാതെ പിന്തുടരുകയാണ്. കാപ്പ കേസ് പ്രതികൾ ഉൾപ്പെടെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ സാന്നിധ്യത്തിൽ സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. മന്ത്രിയുൾപ്പെടെയുള്ളവർ ന്യായീകരണവുമായി രംഗത്ത് എത്തിയെങ്കിലും നേതൃത്വം വെട്ടിലായി. പിന്നാലെയാണിപ്പോൾ ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തിയിരിക്കുന്നത്.















