റാഞ്ചി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും രാഹുലിന്റെ പാർലമെന്റിലെ ധാർഷ്ട്യത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് അമിത് ഷാ പ്രതികരിച്ചു. റാഞ്ചിയിൽ നടന്ന ബിജെപി പ്രവർത്തക സമിതിയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഝാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ് സഖ്യം അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്നും വനവാസികളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ഹേമന്ത് സോറൻ സർക്കാരിന്റെ ഭരണ പരാജയങ്ങൾ ഉയർത്തിക്കാട്ടിയാകും ബിജെപി പ്രവർത്തകർ വോട്ടർമാരെ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
“തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം അഹങ്കാരം കാണിക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള ആൾക്കാരാണ് ഝാർഖണ്ഡിൽ ഭരണത്തിലിരിക്കുന്നത്. പക്ഷെ തോറ്റിട്ടും അഹങ്കാരം കാണിക്കുന്നത് ഞാൻ ഇത് ആദ്യമായി കാണുകയാണ്. ആരാണ് തെരഞ്ഞെടുപ്പ് ജയിച്ചതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കോൺഗ്രസിന്റെ ധാർഷ്ട്യം നാമെല്ലാവരും കണ്ടതാണ്. പാർലമെന്റിലെ രാഹുലിന്റെ ചെയ്തികൾ. മൂന്നിൽ രണ്ട് സീറ്റുകൾ നേടി അധികാരത്തിൽ വന്നപ്പോൾ പോലും ജനങ്ങൾ ഇത്രയും അഹങ്കാരം കണ്ടിട്ടില്ല,” അമിത് ഷാ പറഞ്ഞു.
ഹേമന്ത് സോറനെതിരെയും ആഭ്യന്തരമന്ത്രി രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയത്. ഒരു ആദിവാസി മുഖ്യമന്ത്രി ആദിവാസികളെ കുറിച്ചോർത്ത് ആകുലപ്പെടുന്നതിനുപകരം ലാൻഡ് ജിഹാദും ലൗ ജിഹാദും നടത്തി ഭൂമിയുടെയും ജനസംഖ്യയുടെയും സന്തുലാതിവസ്ഥ തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.















