ബെംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. പത്ത് പേരെ കാണാനില്ലെന്ന പരാതിയാണ് ഇതുവരെ ലഭിച്ചതെന്നും മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്നുമാണ് ജില്ലാ കളക്ടർ പറയുന്നത്. രക്ഷാ പ്രവർത്തനത്തിനിടയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായെന്നും അധികൃതർ അറിയിച്ചു.
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പത്തു പേരെ കാണാനില്ലെന്നാണ് ഇതുവരെ പരാതി ലഭിച്ചത്. ഏഴു പേരെ കണ്ടെത്തി. മൂന്നു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എൻഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് തുടങ്ങിയവരെത്തി ദൗത്യം ഏകോപിപ്പിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
സ്ഥലത്ത് നിന്നും മണ്ണ് നീക്കം ചെയ്ത് കൊണ്ടിരിക്കുകയാണ്. രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇന്ന് ഷിരൂരിലെത്തിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുവരെ അപകട സ്ഥലം സന്ദർശിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
മലയാളിയായ ലോറി ഡ്രൈവർ അർജ്ജുൻ ഉൾപ്പെടെയുളളവരെയാണ് ഇനിയും കണ്ടെത്താനുളളത്. തടി ലോഡുമായി കേരളത്തിലേക്ക് വരികയായിരുന്ന അർജ്ജുൻ ലോറി നിർത്തി വിശ്രമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതും അപകടത്തിൽപെടുന്നതും. അർജ്ജുനെ കണ്ടെത്തണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ കർണാടക അധികൃതർ ആദ്യദിവസങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണ് തെരച്ചിൽ സജീവമാക്കിയത്.















