ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശൻ തൂഗുദീപയുടെ ഹർജി മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട് കർണാടക ഹൈക്കോടതി. വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള സുഖ സൗകര്യങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്ന നടന്റെ ഹർജിയിലാണ് കോടതിയുടെ തീരുമാനം. വിഷയത്തിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ശനിയാഴ്ചയ്‌ക്കകം അപേക്ഷ മജിസ്‌ട്രേറ്റിന് സമർപ്പിക്കാൻ ദർശന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. ജൂലൈ 26 നു മുൻപ് മജിസ്‌ട്രേറ്റ് വിഷയത്തിൽ തീരുമാനമെടുക്കണം. എന്നാൽ അപേക്ഷ ആദ്യം പ്രിസൺ ഇൻസ്‌പെക്ടർ ജനറലിനാണ് നൽകേണ്ടതെന്നും അത് നിരസിക്കപ്പെട്ടാൽ മാത്രമാണ് മജിസ്‌ട്രേറ്റിന്റെ സമീപിക്കേണ്ടതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. മാത്രമല്ല കൊലപാതകക്കേസിൽ പ്രതികൾക്ക് വീട്ടിലെ സുഖ സൗകര്യങ്ങൾ അനുവദിച്ച് നൽകുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജയിൽ ചട്ടങ്ങൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ വാദിച്ചു.
സുഹൃത്തായ പവിത്ര ഗൗഡയ്‌ക്ക് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ജൂൺ 11 നാണ് ദർശനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ പവിത്രയും ജയിലിലാണ്.















