കോഴിക്കോട്: ഉത്തര കന്നഡയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ കേരളത്തിലെ മന്ത്രിമാർ എന്തുകൊണ്ട് അവിടേക്ക് പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യർ. മലയാളിയായ അർജുന്റെ ജീവന് കർണാടക സർക്കാർ പുല്ലുവിലയാണ് കല്പിക്കുന്നതെന്നും സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘കർണാടകയിൽ പോകാൻ വിസ വേണ്ട, പാസ്പോർട്ട് വേണ്ട, കേന്ദ്രാനുമതിയും വേണ്ട. കേരള മന്ത്രിമാർ എന്തേ അഞ്ച് ദിവസമായിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നത് ? രക്ഷാപ്രവർത്തനം സംബന്ധിച്ച് ആക്ഷേപമുന്നയിച്ച മലയാളി ഡ്രൈവറെ കർണാടക പോലീസ് മർദ്ദിക്കുന്നു . കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കേരളത്തിലെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ശ്രമിക്കുന്നില്ല. മലയാളിയുടെ ജീവന് കർണാടക സർക്കാർ പുല്ലുവിലയാണ് കൽപ്പിക്കുന്നത്.’- സന്ദീപ് വാര്യർ കുറിച്ചു.
കുവൈറ്റ് തീപിടുത്തത്തിൽ അപകടത്തിൽപെട്ട മലയാളികളെ ആശ്വസിപ്പിക്കാനെന്ന പേരിൽ അവിടെ പോകാൻ തീരുമാനിച്ച മന്ത്രി വീണ ജോർജ്ജിന് അനുമതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ സിപിഎമ്മും ഇടതുപാർട്ടികളും വിമർശിച്ചിരുന്നു. എന്നാൽ കർണാടകയിലെ മണ്ണിടിച്ചിലിൽ മലയാളിയെ അഞ്ച് ദിവസമായി കാണാതായിട്ടും സംസ്ഥാന സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും സമ്മർദ്ദം ചെലുത്തുന്നില്ലെന്നുമുളള വിമർശനം ശക്തമാണ്. കർണാടകയിലെ കോൺഗ്രസ് സർക്കാരുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ശ്രമം നടത്താത്ത സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.















