പനാജി: വ്യാജ കോൾ സെന്റർ വഴി തട്ടിപ്പ് നടത്തി യുഎസ് പൗരന്മാരെ വഞ്ചിച്ച കേസിൽ 7 പേരെ അറസ്റ്റ് ചെയ്ത് ഗോവ പൊലീസ്. പിടിയിലായ പ്രതികൾ വടക്കൻ ഗോവയിലെ ഒരു ഹോട്ടൽ റൂം കേന്ദ്രീകരിച്ചാണ് വ്യാജ കോൾ സെന്റർ നടത്തിയിരുന്നതെന്ന് സൈബർ ക്രൈം വിഭാഗം എസ്പി രാഹുൽ ഗുപ്‍ത പറഞ്ഞു.
ലോൺ കമ്പനി ഏജന്റ്, ആമസോൺ ഹെഡ്ക്വാർട്ടർ സ്റ്റാഫ്, ബാങ്ക് ജീവനക്കാർ, നിയമപാലകർ എന്നിങ്ങനെ പല രീതിയിൽ ആൾമാറാട്ടം നടത്തിയാണ് ഇവർ യുഎസിൽ നിന്നുള്ള പൗരന്മാരെ പറ്റിച്ചിരുന്നത്. പ്രതികൾ വോയിസ് കോളുകളിലൂടെ ഇവരുമായി ബന്ധപ്പെട്ടെന്നും സംസാരിച്ചവരിൽ നിന്നും പണം തട്ടിയെടുത്തെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
അറസ്റ്റിലായ പ്രതികൾ ഗുജറാത്ത്, നാഗാലാൻഡ് രാജസ്‌ഥാൻ, അസ്സം എന്നീ സംസ്ഥാനങ്ങളിൽ നിന്നുളളവരാണ്. കോൾ സെന്റർ നടത്തിയിരുന്ന ഹോട്ടൽ റൂമിൽ നിന്നും 4 ലാപ് ടോപ്പുകൾ, ടിപി ലിങ്ക് റൗട്ടർ, ഡി ലിങ്ക് സ്വിച്ച് എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവ സൈബർ ഫോറൻസിക് പരിശോധനകൾക്കായി അയക്കും. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.















