മുംബൈ: തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ മുംബൈയിലെ ധാരാവി ചേരി പുനർവികസന പദ്ധതി റദ്ദാക്കുമെന്ന് ശിവസേന (യുബിടി മേധാവി) ഉദ്ധവ് താക്കറെ. വാർത്താ സമ്മേളനത്തിലാണ് ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് ധാരാവി പുനർവികസന പദ്ധതി. വ്യവസായി ഗൗതം അദാനിയുടെ സ്ഥാപനത്തിനാണ് ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ ലഭിച്ചത്. മുംബൈയെ അദാനി നഗരമാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഉദ്ധവ് പദ്ധതിയെ എതിർക്കുന്നത്.
അതേസമയം ഉദ്ധവിന്റെ എതിർപ്പിൽ കഴമ്പില്ലെന്നാണ് മഹാരാഷ്്ട്രയിലെ രാഷ്‌ട്രീയ വൃത്തങ്ങൾ പറയുന്നത്. പദ്ധതി വൻ അഴിമതിയാണെന്ന് നേരത്തെ എംവിഎ നേതാവ് പൃഥ്വിരാജ് ചവാനും ആരോപിച്ചിരുന്നു.
ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന സ്‌പെഷൽ പർപ്പസ് വെഹിക്കിളിലേക്ക് ഭൂമി കൈമാറ്റം ചെയ്യപ്പെടില്ലെന്നും മഹാരാഷ്‌ട്ര സർക്കാരിന് കീഴിലുളള ധാരാവി വികസന പ്രൊജക്ട് അതോറിറ്റിക്കായിരിക്കും ഭൂമി കൈമാറുകയെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. ഈ അതോറിറ്റി മഹാരാഷ്‌ട്ര ഗവൺമെന്റ് ഹൗസിങ് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗമാണ്.















