തിരുവനന്തപുരം: വിദേശകാര്യത്തിൽ ഇടപെടാനുളള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സംസ്ഥാനങ്ങൾക്ക് ഇതിൽ പ്രത്യേകിച്ച് റോൾ ഒന്നുമില്ലെന്നും ശശി തരൂർ പറഞ്ഞു. വിദേശ രാജ്യങ്ങളുമായും എംബസികളുമായും നേരിട്ടുളള സഹകരണത്തിനായി കേരളം ഏകോപന ഡിവിഷൻ രൂപീകരിക്കുകയും തൊഴിൽ, നൈപുണ്യ വിഭാഗം സെക്രട്ടറിയായ കെ വാസുകി ഐഎഎസിന് അധിക ചുമതല നൽകുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.
കേരളത്തിന്റെ നീക്കത്തിന് നയതന്ത്ര തലത്തിലും വിമർശനം ഉയരുന്നുവെന്നാണ് ശശി തരൂരിന്റെ വാക്കുകൾ നൽകുന്ന സൂചന. വിദേശകാര്യം കൈകാര്യം ചെയ്യാൻ വേണ്ടി ഒരു സംസ്ഥാനം സ്വന്തം നിലയിൽ നിയമനം നടത്തുന്നത് അസാധാരണ നടപടിയാണെന്നും മുൻ യുഎൻ അണ്ടർ സെക്രട്ടറി ജനറൽ കൂടിയായ ശശി തരൂർ പറഞ്ഞു.
വിദേശരാജ്യങ്ങളുമായുളള ബന്ധത്തിൽ ഈ ഉദ്യോഗസ്ഥയ്‌ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടാവില്ലെന്നത് വ്യക്തമാണെന്നും അത് കേന്ദ്രസർക്കാരിനായിരിക്കുമെന്നും ശശി തരൂർ വിശദീകരിച്ചു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു ശശി തരൂർ.
സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസമാണ് വിവാദ ഉത്തരവിറക്കി നിയമനം നടത്തിയത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. രാജ്യസുരക്ഷ ഉൾപ്പെടെ പരിഗണിക്കേണ്ടതിനാൽ കേന്ദ്രസർക്കാരിന് മാത്രമാണ് ഇതിന് അധികാരം. വസ്തുത ഇതായിരിക്കെയാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ഭരണഘടനയെയും നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചു കൊണ്ടുളള സർക്കാരിന്റെ നീക്കം.
വിദേശ ഏജൻസികളുമായി സംസ്ഥാന സർക്കാർ ബന്ധങ്ങളുണ്ടാക്കുന്നത് പതിവാണെന്ന് ആയിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോൾ പുതിയ ബന്ധങ്ങൾ തേടാറുണ്ട്. വിദേശകാര്യ സഹകരണ ഡിവിഷൻ രൂപീകരിച്ചത് ഇത്തരം ചർച്ചകൾ വർദ്ധിച്ചപ്പോഴാണെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചിരുന്നു.















