തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു. അബോധാവസ്ഥയിൽ ആയിരുന്ന കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് ശരത്തിന്റെ പരാതിയിൽ യുവതിയെ ചികിത്സിച്ച ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തു.
കിഡ്നി സ്റ്റോൺ ചികിത്സയ്‌ക്കായി കഴിഞ്ഞ 15-നാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൃഷ്ണയെ പ്രവേശിപ്പിച്ചത്. വയറുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ കൃഷ്ണയ്‌ക്ക് അലർജി പരിശോധനയില്ലാതെ കുത്തിവെപ്പെടുക്കുകയായിരുന്നു. പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയും ശരീരത്തിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്തു. തൈക്കാട് ആശുപത്രിയിൽ കിഡ്‌നി സ്റ്റോൺ ഉണ്ടെന്ന് കണ്ടെത്തിയതോടെയായിരുന്നു നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറ് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നതിനിടെയാണ് മരണം.
ചികിത്സാ പിഴവുണ്ടായെന്ന ഭർത്താവിന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിത 125-ാം വകുപ്പ് പ്രകാരമാണ് ഡോക്ടർക്കെതിരെ കേസെടുത്തത്. ചികിത്സാ പിഴവായതിനാൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചാലെ തുടർനടപടികളെടുക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടില്ല.















