ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്ത ആളെ തങ്ങൾക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആൾക്കൂട്ടം പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു. പാകിസ്താനിലെ ബെഹ്‌ലോൽപൂരിലാണ് സംഭവം .
ഖുറാന്റെ പേജുകൾ കത്തിച്ചെന്നാരോപിച്ചാണ് യുവാവിനെ പൊലീസ് പിടികൂടിയത് . സംഭവത്തെക്കുറിച്ച് അറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. വടികളും ഇഷ്ടികകളും കല്ലുകളും ആയുധങ്ങളുമായി ജനക്കൂട്ടം സ്റ്റേഷന് പുറത്ത് തടിച്ചുകൂടി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിയെ കൈമാറണമെന്ന് അവർ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തയാളെ നിയമപരമായി നേരിടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെങ്കിലും ജനക്കൂട്ടം വഴങ്ങിയില്ല.
പിന്നാലെ സംഘം സ്റ്റേഷൻ അക്രമിച്ചു .ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ പിടിയിലായ പ്രതിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടി വന്നു.ജനക്കൂട്ടം സ്‌റ്റേഷനുനേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും മറ്റു സാധനങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സേനയെ വിളിക്കേണ്ടി വന്നു.റിപ്പോർട്ട് പ്രകാരം ആക്രമണത്തിന് 134 പേർക്കെതിരെ കേസെടുത്തു, 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.















