കോഴിക്കോട്: കർണാടക പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അർജുന്റെ ബന്ധുക്കൾ. അർജുനെ രക്ഷിക്കുന്നതിൽ തുടക്കത്തിൽ തന്നെ അലംഭാവമാണ് കാണിച്ചതെന്നും രക്ഷാപ്രവർത്തനം നടത്താൻ ഏറെ വൈകിയെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.
രക്ഷാദൗത്യത്തിൽ തുടക്കത്തിൽ ഉണ്ടായത് വലിയ അലംഭാവമാണെന്നും അപകടത്തിന് 20 മിനിറ്റ് മുൻപ് ലോറി സ്ഥലത്ത് കണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞിട്ട് പോലും തിരച്ചിൽ ആരംഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് ബന്ധുക്കൾ വേവലാതി പറയാനായി പോയപ്പോൾ മൊബൈലിൽ റീൽസ് കണ്ട് കൊണ്ടിരിക്കുന്ന പൊലീസിനെയാണ് കാണാൻ സാധിച്ചതെന്നും അവർ ആരോപിക്കുന്നു.
എസ്പി കവാറിന്റെ സംഭവസ്ഥലത്ത് നിന്നുള്ള സെൽഫിയും വിവാദങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചത് സംബന്ധിച്ചുള്ള തർക്കത്തിന് പിന്നാലെ എസ്പി ലോറിയുടമ മനാഫിന്റെ മുഖത്തടിക്കുകയും പിടിച്ച് തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കർണാടക പൊലീസിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്.
എന്നാൽ അർജുന്റെ കുടുംബം ബന്ധപ്പെടാൻ വൈകിയെന്നാണ് ഉത്തര കന്നഡ പൊലീസ് മേധാവിയുടെ വാദം. കുടുംബം ഈ വാദം തള്ളി. സംഭവം നടന്ന ദിവസം തന്നെ പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നുവെന്നും പിറ്റേന്ന് അങ്കോള പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയെന്നും അർജുന്റെ കുടുബം വ്യക്തമാക്കി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും എസ്പി പറയുന്ന കാര്യങ്ങൾ വസ്തുത വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.















