ഡെറാഡൂൺ: ലിവിംഗ് ടുഗതർ പങ്കാളികൾക്ക് പൊലീസ് സംരക്ഷണം ആവശ്യമാണെങ്കിൽ ഏകീകൃത സിവിൽ കോഡ് പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. 26 വയസുള്ള ഹിന്ദു യുവതിയും 21 വയസുള്ള മുസ്ലീം യുവാവും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ഇവർ ഹർജിയിൽ ആരോപിച്ചു.
ഹർജി പരിഗണിക്കവേ പങ്കാളികൾ 48 മണിക്കൂറിനുളളിൽ യുസിസി പ്രകാരം ബന്ധം രജിസ്റ്റർ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. യുസിസി നിയമപ്രകാരം ഒന്നിച്ച് താമസം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ പങ്കാളികൾ ബന്ധം രജിസ്റ്റർ ചെയ്യണം. അല്ലാത്ത പക്ഷം ജയിൽ ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം, കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രേഷൻ നടപടി പൂർത്തികരിച്ചാൽ പങ്കാളികൾക്ക് , ആറ് ആഴ്ചത്തേക്ക് മതിയായ സംരക്ഷണം നൽകാൻ എസ്എച്ച്ഒയോട് കോടതി നിർദേശിച്ചു.
ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ യുസിസി പ്രകാരം, ലിവിംഗ് റിലേഷനിൽ താമസിക്കുന്നവർ സെക്ഷൻ 381-ലെ സബ്-സെക്ഷൻ (1) പ്രകാരം തങ്ങൾ പങ്കാളികളാണെന്ന സത്യപ്രസ്താവന രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതാണ്. ഉത്തരഖണ്ഡ് സ്വദേശികൾക്കും അല്ലാത്തവർക്കും നിയമം ഒരുപോലെ ബാധകമാണ്















