കോഴിക്കോട്; കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 246 പേർ. ഇതിൽ 63 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ഹൈ റിസ്‌കിൽ പെട്ടവരിൽ രോഗലക്ഷണങ്ങൾ ഉളളത് രണ്ട് പേർക്കാണെന്ന് മന്ത്രി പറഞ്ഞു. രണ്ടു പേരുടെയും സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് വൈറൽ പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗം റിപ്പോർട്ട് ചെയ്ത 14 കാരന്റെ താമസ സ്ഥലമായ മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ 16711 വീടുകളിലും ആനക്കയത്തെ 16241 വീടുകളിലും സർവ്വെ നടത്തും. ആരോഗ്യവകുപ്പിന്റെയും വെറ്ററിനറി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി വിനിയോഗിക്കും.
കോഴിക്കോട് മെഡിക്കൽ കേരളത്തിലുളള സംവിധാനങ്ങൾ കൂടാതെ പൂനെയിൽ നിന്ന് പരിശോധനയ്‌ക്കായി മൊബൈൽ ലാബ് കൂടി എത്തുമെന്ന് മന്ത്രി അറിയിച്ചു. അതോടെ കൂടുതൽ സാമ്പിളുകൾ ഇവിടെ തന്നെ പരിശോധിക്കാൻ കഴിയും. ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉളളവരിൽ രോഗലക്ഷണങ്ങൾ ഉളളവരുടേത് ആദ്യമെടുക്കും.
ആളുകൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളോട് നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആളുകൾ വിളിക്കുന്നുണ്ട്. അവർ അതേസമയം തന്നെയാണോ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നത് എന്ന് പരിശോധിക്കും. സമ്പർക്കമുളളവരെ കണ്ടെത്താൻ പൊലീസിന്റെയും സഹായം തേടുമെന്ന് മന്ത്രി പറഞ്ഞു. ഐസൊലേഷനിൽ ഉളള കുടുംബങ്ങൾക്ക് വേണ്ട ഭക്ഷണവും സാധനങ്ങളും വാങ്ങിച്ചുകൊടുക്കാനുളള വൊളന്റിയേഴ്‌സിനെ പഞ്ചായത്ത് തലത്തിൽ ക്രമീകരിക്കും.
പത്താം തീയതിയാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായത്. രോഗബാധ എങ്ങനെ ഉണ്ടായി എന്നറിയാൻ ജൂൺ അവസാനം മുതലുളള കുട്ടിയുടെ യാത്രാ വിവരങ്ങൾ സുഹൃത്തുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.















