ഉത്തരാഖണ്ഡ് മുതൽ അങ്കോല വരെ. അനവധി ദുരന്തങ്ങളുടെ ഏറ്റവും ഭയാനകമായ മുഖം കണ്ടയാളാണ് തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത്ത് ഇസ്രായേൽ. 12 വർഷത്തിനിടെ 5 ദേശീയ ദുരന്തങ്ങൾ, രഞ്ജിത്തിനെ ദുരന്ത മുഖങ്ങളിലേക്ക് ആകർഷിക്കുന്നത് പ്രതിഫലമല്ല, മനുഷ്യത്വമാണ്. ദുരിതഭൂമിയിലേക്ക് ആരും വിളിച്ചില്ലെങ്കിലും അദ്ദേഹം ഓടിയെത്തും. സ്വമേധയായാണ് അങ്കോലയിലേക്കും രഞ്ജിത്തെത്തിയത്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കുടുംബത്തിന് മുന്നിലേക്ക് അർജുനെ എത്തിക്കണമെന്ന ദൗത്യവുമായി.
എൻഡിആർഎഫ് സംഘത്തിനൊപ്പം ചേർന്ന് അങ്കോലയിൽ രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത് രഞ്ജിത്താണ്. ഹിറ്റാച്ചി, ജെസിബി ഡ്രൈവർമാർ, കർണാടക പൊലീസ് ഉൾപ്പെടെ അങ്കോലയിലെ സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത് ഈ മലയാളിയാണ്.
അർജുനായി കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി മാദ്ധ്യമങ്ങളിലൂടെ അറിയിക്കാനും രക്ഷാദൗത്യത്തിനിടെ ഈ സിവിലിയൻ മറക്കുന്നില്ല. വണ്ടിയുടെ വാലോ തുമ്പോ കിട്ടിയാൽ അർജുന്റെ അരികിലേക്ക് എത്താനാകുമെന്നാണ് രഞ്ജിത്ത് പറയുന്നത്. രക്ഷാദൗത്യത്തിന്റെ ഗോൾഡൻ ഹവർ നഷ്ടമായതിൽ നിരാശയുണ്ടെങ്കിലും അർജുനെന്ന തന്റെ സഹോദരനെ കണ്ടെത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ഈ മലയാളി.
2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്‌ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട്.
വിതുര ഗോകിൽ എസ്‌റ്റേറ്റിൽ ജോർജ് ജോസഫ് – ഐവ ജോർജ് ദമ്പതിമാരുടെ മകനാണ് രഞ്ജിത്ത്. കശ്മീരിലെ സൈനിക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് രഞ്ജിത് സാഹസികമായ രക്ഷാപ്രവർത്തനങ്ങൾക്കുള്ള പരിശീലനം നേടിയത്. ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്.