പിറവം: വീട് വാടകയ്‌ക്ക് നൽകുന്നത് സർവ്വസാധാരണമാണ്. എന്നാൽ പട്ടിക്കൂട് വാടകയ്‌ക്ക് നൽകുന്നത് അത്രസാധാരണമല്ല. അതും മനുഷ്യന് താമസിക്കാൻ. കോട്ടയം പിറവത്ത് നിന്നാണ് ലജ്ജിപ്പിക്കുന്ന വാർത്ത വരുന്നത്.
മൂന്ന് മാസമാസമായി പട്ടിക്കൂടിലാണ് ഇതരസംസ്ഥാന തൊഴിലാളിയായ ശ്യംസുന്ദറിന്റെ താമസം. അതും 500 രൂപ വാടക നൽകി. പ്രദേശത്തെ പ്രമാണിയുടെ പഴയ ഇരുനില വീടിനോട് ചേർന്നാണ് കോൺക്രീറ്റ് കൂട് സ്ഥിതി ചെയ്യുന്നത്. വീട്ടിലും ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.
നാല് വർഷമായി ശ്യാംസുന്ദർ കേരളത്തിൽ എത്തിയിട്ട്. വീട്ടിൽ താമസിക്കാനുള്ള വാടക കാശ് ഇല്ലാതായതോടെ ആണ് പട്ടിക്കൂടിൽ എത്തിയത്. പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതിൽ തന്നെ. പട്ടിക്ക് പുറംലോകം കാണാൻ നാലു ചുറ്റം ഗ്രിൽ ഉണ്ടായിരുന്നു. അത് കാർബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്. പട്ടിക്കൂട് മനുഷ്യന് 500 രൂപ വാടകയ്‌ക്ക് നൽകിയ സ്ഥലം ഉടമ ബംഗ്ലാവിന് സമാനമായ വീടും ഇതിന് അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ശ്യാം സുന്ദർ സമ്മതിച്ചിട്ടാണ് പട്ടിക്കൂട് വാടകയ്‌ക്ക് നൽകിയതെന്ന് വീട്ടുടമ പ്രതികരിച്ചു. സംഭവം പുറത്ത് വന്നതിന് പിന്നാലെ പൊലീസും നഗരസഭയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.