ബെംഗളൂരു : ഷിരൂരിന് സമീപം ദേശീയപാത 66 ൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരിൽ 7 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു . നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം ഗോകർണ സ്വദേശിയായ ലോകേഷ് എന്ന യുവാവിനെ കാണാതായതായി കാട്ടി മാതാവ് കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനിലെത്തിയതോടെ മണ്ണിനടിയിൽ വീണ്ടും ആളുകൾ അകപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കയുണ്ട് .
കഴിഞ്ഞ അഞ്ച് ദിവസമായി മകൻ വീട്ടിൽ വരുന്നില്ലെന്നാണ് ലോകേഷിന്റെ അമ്മ മാദേവി അങ്കോല പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത് . മലയിടിച്ചിൽ നടന്ന ദിവസം ലോകേഷ് സമീപത്തെ ഹോട്ടലിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട് . ഇതേ ഹോട്ടലിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവറും ലോകേഷിനെ കണ്ടിരുന്നു. ബസ് കടന്നുപോയി മിനിറ്റുകൾക്കകം മണ്ണിടിച്ചിലുണ്ടായി. ലോകേഷ് നായിക്കിന്റെ തിരോധാനം കൂടുതൽ ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്.
ഗോവയിൽ ബോട്ട് റിപ്പയറായി ജോലി ചെയ്തിരുന്ന ലോകേഷ് പനിയെ തുടർന്നാണ് അവധിക്ക് നാട്ടിലെത്തിയത്. കുന്ന് ഇടിഞ്ഞ ദിവസം ശൃംഗേരിയിലേക്ക് പോകാൻ പുറപ്പെട്ടതായിരുന്നു. പ്രദേശത്ത് പ്രത്യേക ഓപ്പറേഷൻ നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് സൈന്യത്തെ അയച്ചിട്ടുണ്ടെന്നും സേന ഉടൻ ഷിരൂരിലെത്തുമെന്നും എം പി വിശ്വേശ്വർ ഹെഗഡെ കാഗേരി പറഞ്ഞു.