കോഴിക്കോട്: നിപ ബാധിതമായ 14 കാരൻ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് നൽകുന്നതിന് തൊട്ടുമുൻപ്. കഴിഞ്ഞ ദിവസമാണ് പുനെയിൽ സൂക്ഷിച്ചിരുന്ന മോണോക്ലോണൽ ആന്റിബോഡിക്കായി കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. രോഗം ലക്ഷണങ്ങൾ തുടങ്ങി അഞ്ച് ദിവസത്തിനുള്ളിൽ മരുന്ന് രോഗിക്ക് നൽകണമെന്നാണ് വ്യവസ്ഥ. മറ്റു പോംവഴികളില്ലാത്തത് കൊണ്ടാണ് പത്ത് ദിവസം പിന്നിട്ടിട്ടും മരുന്ന് നൽകാൻ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും പുണെയിൽ പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇത് നൽകുന്നതിന് മുൻപ് 10.50 ഓടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. 11.30 ഓടെ മരണം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോൾ കുട്ടി അബോധാവസ്ഥയാരുന്നു. വെന്റിലേറ്ററിലേക്കാണ് കുട്ടിയെ ഷിഫ്റ്റ് ചെയ്തിരുന്നത്. ഇന്ന് രാവിലെ മുതൽ മൂത്രത്തിന്റെ അളവ് കുറഞ്ഞു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ശാസത്രീയ പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്കാരം. കുട്ടിയുടെ കുടുംബങ്ങളുടെ താൽപര്യം കൂടി മാനിച്ചായിരിക്കും തുടർ നടപടികൾ. കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരനും അടക്കം മൂന്നുപേർ മെഡിക്കൽ കോളേജിൽ ഐസോലേഷനിലാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നാലുപേർ ഐസോലേഷനിലാണ്. അതിൽ ഒരാൾക്ക് ഐസിയുവിലാണ്. ഹൈറിസ്കിലുള്ള മുഴുവൻ ആളുകളുടേയും സാമ്പിൾ പരിശോധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് 14 കാരൻ. ഈ മാസം 10-നാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം വീടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പനി കുറയാതെ വന്നതോടെ അടുത്തുള്ള ആശുപത്രിയിലും ചികിത്സതേടി. അവിടെ നിന്നും ആരോഗ്യനില വഷളായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്രവ പരിശോധനാഫലം പോസ്റ്റീവായതിന് പിന്നായൊണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.















