സിദ്ദിഖ് – ലാൽ സിനിമകളിൽ സഹസംവിധായകരായി തുടക്കം കുറിച്ച് പിന്നീട് മലയാളത്തിൽ സൂപ്പർഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് റാഫി -മെക്കാർട്ടിൻ. മലയാളികൾ എന്നും ആഘോഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകർ. ഇവരുടെ ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ജയറാമിനെ നായകനാക്കി 1997-ൽ പുറത്തിറക്കിയ സൂപ്പർമാൻ. സിനിമയുടെ കഥ തന്നെയായിരുന്നു പ്രേക്ഷകരെ ഹരം കൊള്ളിച്ചത്. സൂപ്പർമാൻ എന്ന ചിത്രത്തിന്റെ കഥ എങ്ങനെ ഉണ്ടായി എന്ന് പറയുകയാണ് മെക്കാർട്ടിൻ. ഒരു കേസിന്റെ കാര്യത്തിൽ കോടതിയിൽ പോയ സമയത്താണ് സൂപ്പർമാൻ എന്ന ചിത്രത്തിന് കാരണമായ സംഭവം ഉണ്ടായതെന്ന് സംവിധായകൻ പറയുന്നു.
“സിനിമയിലേക്ക് ഞാൻ വരുന്നതിന് മുൻപ് തന്നെ തോന്നിയതാണ് സൂപ്പർമാൻ കഥ. ഒരിക്കൽ പറവൂർ കോടതിയിൽ ഒരു കേസിൽ സാക്ഷി പറയാനായി ഞാൻ പോയി. നമ്മുടെ കേസ് എടുക്കാൻ താമസം വന്നു. ആ സമയത്ത് വേറൊരു കേസ് വിളിച്ചു. രണ്ടു പോലീസുകാർ ഒരാളെ വിലങ്ങു വെച്ചുകൊണ്ടു വരുന്നു. കോടതിയിലെത്തി വിലങ്ങ് അഴിച്ചപ്പോൾ അയാൾ പോയത് പ്രതിക്കൂട്ടിലേക്ക് അല്ല. അയാൾ തന്നെ അയാളുടെ കേസ് അയാൾ തന്നെ അയാളുടെ കേസ് വാദിക്കുന്നു. ഇയാൾക്ക് വക്കീൽ ഇല്ല. പ്രതി തന്നെ പ്രതിയുടെ കേസ് വാധിക്കുന്നു. ഇയാളിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം മോഷണമാണ്”.
“മോഷണക്കുറ്റം ആരോപിക്കപ്പെടുന്ന ആള് സ്വയം ആ കേസ് വാദിക്കുന്നത് ഞാൻ നേരിട്ട് കണ്ടു. എനിക്ക് വളരെ അത്ഭുതം തോന്നി. ഞാനതു മുഴുവൻ കേട്ടുനിന്നു. വളരെ ഗംഭീരമായാണ് അയാൾ കേസ് വാദിച്ചത്. ആദ്യം ഒരു സ്ത്രീയോടിണ് ഇയാൾ ചോദിക്കുന്നത്. അവരെ അയാൾ വെള്ളം കുടിപ്പിച്ചു. അത്ര ബുദ്ധിമാനായ വ്യക്തിയാണ് അയാൾ. കുറേ ചോദ്യങ്ങൾ ചോദിച്ച് ആ സ്ത്രീയെ വായടപ്പിച്ചു. അതുപോലെതന്നെ അടുത്തത് ഒരു പോലീസുകാരനോട് ആയിരുന്നു. ഓരോ ചോദ്യങ്ങൾ ചോദിച്ച് പോലീസുകാരനെയും അയാൾ ട്രാപ്പിലാക്കി. അന്നുതന്നെ മൂന്നു കേസാണ് ഇയാൾ സ്വയം വാദിച്ചത്”.
“മൂന്നാമത്തെ കേസ് ഏതോ ഒരു ക്ഷേത്രത്തിൽ നിന്ന് സൗണ്ട് സിസ്റ്റം മോഷ്ടിച്ച കേസാണ്. വളരെ വിദഗ്ധമായി ആ കേസ് അയാൾ വാദിച്ചു. അതിലൊക്കെ വിജയിച്ചിട്ടുണ്ടാവും. ഇത് പിൽക്കാലത്ത് ഞാൻ സിനിമയാക്കി. സൂപ്പർമാൻ ഉണ്ടാകുന്നത് അങ്ങനെയാണ്. ഒരാൾ സ്വയം കേസ് വാദിക്കുന്നു. ആ സംഭവത്തെ ഡെവലപ്പ് ചെയ്ത് പ്രണയവും ഒരു പശ്ചാത്തലവും അച്ഛൻ മകൻ ബന്ധവും ഉൾപ്പെടുത്തി ഒരു കഥയാക്കി. ആ ക്യാരക്ടർ ചെയ്യാൻ ഏറ്റവും നല്ലത് ജയറാം തന്നെയായിരുന്നു. ജയറാമിനെ മനസ്സിൽ കണ്ടുകൊണ്ട് തന്നെയാണ് കഥ എഴുതിയത്”-മെക്കാർട്ടിൻ പറഞ്ഞു.















