മലപ്പുറം: നിപ രോഗ ലക്ഷണവുമായി ഒരാളെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനാണ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇയാൾക്ക് മരണപ്പെട്ട കുട്ടിയുമായി നേരിട്ട് സമ്പർക്കമില്ല. സമാന രോഗലക്ഷണം കണ്ടതോടെയാണ് വിദഗ്ധ ചികിത്സയ്‌ക്കായി രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും സാമ്പിളും പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
മരിച്ച 14 കാരനുമായി സമ്പർക്കമുളള നാലുപേർ നിലവിൽ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചു. ഹൈറിസ്കിലുള്ള മുഴുവൻ ആളുകളുടേയും സാമ്പിൾ പരിശോധിക്കാനുമാണ് തീരുമാനം.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് മരണപ്പെട്ട 14 കാരൻ. ഈ മാസം 10-നാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം വീടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പനി കുറയാതെ വന്നതോടെ അടുത്തുള്ള ആശുപത്രിയിലും ചികിത്സതേടി. അവിടെ നിന്നും ആരോഗ്യനില വഷളായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സ്രവ പരിശോധനാഫലം പോസ്റ്റീവായതിന് പിന്നായൊണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.















