ബെംഗളൂരു: കർണാടകയിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുമ്പോൾ റഡാർ സിഗ്നൽ നൽകിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂർത്തിയാക്കിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ. സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്‌തെന്നും ഇതിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് തൊട്ടടുത്ത പുഴയിൽ ചെറുദ്വീപ് പോലെ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സൈന്യത്തിന്റെ നിർദേശപ്രകാരം തെരച്ചിൽ തുടരും. എല്ലാ സാധ്യതകളും പരിശോധിക്കും. തെരച്ചിൽ ആംഭിച്ച് ആറ് ദിവസമാകുമ്പോൾ കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയാണ്. മഴയത്തും സൈന്യവും, അഗ്നിശമന സേനയും, പൊലീസും, നാവിക സേനയും ചേർന്ന് രക്ഷാ ദൗത്യം ഊർജിതമാക്കുകയാണെന്ന് കൃഷ്ണബൈരെ ഗൗഡ വ്യക്തമാക്കി.
ബെലഗാവിയിൽ നിന്നുള്ള നാൽപതംഗ സൈന്യമാണ് അർജുനായുള്ള തെരച്ചിലിന് ഷിരൂരിലെത്തിയിരിക്കുന്നത്. വിദഗ്ധരുടെ നിർദേശപ്രകാരമാണ് സ്ഥലത്ത് തെരച്ചിൽ നടത്തുന്നത്. കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കാണാതായി ആറ് ദിവസം പിന്നിടുമ്പോഴും കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവത്തിൽ പ്രതിഷേധിച്ച് കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും രംഗത്തെത്തി.
നാവിക സേനയുടെ സ്‌കൂബാ അംഗങ്ങൾ പുഴയിൽ മുങ്ങി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും സംശയസ്പദമായ വിധത്തിൽ ഒന്നും തന്നെ പുഴയിൽ കാണാനില്ലെന്ന് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ പുഴയിൽ ഇപ്പോൾ രൂപപ്പെട്ട മണ്ണ്മലയൂടെ അടിഭാഗം സൈന്യത്തിന്റെ നിർദേശപ്രകാരം പരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.















