ഗാങ്ടോക്ക്: സിക്കിമിലേക്ക് പ്രവേശിക്കുന്ന എല്ലാ ടൂറിസ്റ്റ് വാഹനങ്ങളും ഇനി നിർബന്ധമായും മാലിന്യ സഞ്ചികൾ കൈവശം വയ്‌ക്കണമെന്ന് സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത വർദ്ധിച്ചതിനെത്തുടർന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
പരിസ്ഥിതി സുസ്ഥിരത എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനമെന്ന് ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മാലിന്യ സംസ്‌കരണത്തിന് മാലിന്യ സഞ്ചികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കേണ്ടത് ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, വാഹന ഡ്രൈവർമാർ എന്നിവരുടെ ഉത്തരവാദിത്തമായിരിക്കും.
നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ടൂറിസ്റ്റ് വാഹനങ്ങളിൽ അധികൃതർ പരിശോധന നടത്തും. ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും. 6 ലക്ഷത്തിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് സിക്കിം. മനോഹരമായ ഹിമാലയൻ താഴ്വരകളും മലനിരകളുമുൾപ്പെടെയുള്ള സിക്കിമിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിവർഷം 20 ലക്ഷത്തിലധികം സന്ദർശകരാണ് എത്തുന്നത്.















