ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ, പാർലമെൻ്റിന്റെ വർഷകാല സമ്മേളനം നാളെ (ജൂലൈ 22ന്) ആരംഭിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ നാളെ പാർലമെൻ്റിൽ അവതരിപ്പിക്കും. ജൂലൈ 23 ചൊവ്വാഴ്ചയാണ് ബജറ്റ്. ആഗസ്റ്റ് 12 ന് സമ്മേളനം അവസാനിക്കും.
കഴിഞ്ഞ ഒരു വർഷക്കാലത്തെ സാമ്പത്തിക വ്യവസ്ഥയുടെ പ്രകടനം, തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം, ബജറ്റ് കമ്മി തുടങ്ങി ഇനി മുന്നോട്ടുള്ള നയങ്ങളുടെ ദിശ എന്നിവ വ്യക്തമാക്കുന്നതാകും സാമ്പത്തിക സർവേ റിപ്പോർട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കുന്നത്. ഇന്ത്യയില്‍ 1964വരെ പൊതുബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്ന സര്‍വേ പിന്നീട് 1965 മുതല്‍ ബജറ്റില്‍ നിന്ന് വേര്‍പെടുത്തുകയായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാര്‍ഡ് എന്നും സാമ്പത്തിക സർവേയെ വിശേഷിപ്പിക്കാറുണ്ട്.
ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യുന്നതുൾപ്പെടെ ആറ് പുതിയ ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. 1934 ലെ എയർക്രാഫ്റ്റ് ആക്ടിന് പകരമായി ഭാരതീയ വായുയാൻ വിധേയക്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള നിയമത്തിന് പകരമായി ബോയിലേഴ്സ് ബിൽ, കോഫി (പ്രമോഷൻ ആൻഡ് ഡെവലപ്മെൻ്റ്) ബിൽ, റബ്ബർ (പ്രമോഷൻ ആൻഡ് ഡെവലപ്മെൻ്റ്) ബിൽ എന്നിവയും അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ ഉണ്ട്.
പാർലമെൻ്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ഇന്ന് നടന്നു. പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും പങ്കെടുത്തു.