മിമിക്രിരംഗത്ത് ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് കണ്ണൻ സാഗർ. വർഷങ്ങളോളം പല ട്രൂപ്പുകളിലായി മിമിക്രി കളിച്ചു. 30 വർഷത്തോളമായി കലാരംഗത്ത് തുടരുന്ന താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം നല്ല വേഷങ്ങൾ അഭിനയിക്കുക എന്നതാണ്. എന്നാൽ ചെറിയ ചില വേഷങ്ങൾ ഒഴിച്ച് നിർത്തിയാൽ മറ്റൊന്നും കണ്ണനെ തേടിയെത്തിയില്ല. ഒരുപാട് അവഹേളനങ്ങളും അവഗണനകളും സഹിച്ചാണ് കലാരംഗത്ത് കണ്ണൻ സാഗർ പൊരുതി മുന്നോട്ടുപോയത്. നടൻ അബിയുടെ ഭാഗത്തുനിന്നുണ്ടായ അവഹേളനം തന്നെ ഇന്നും വേദനിപ്പിക്കുന്നുവെന്ന് പറയുകയാണ് താരം. വിവാദമാകും എന്നോർത്താണ് പലപ്പോഴും ഇക്കാര്യം തുറന്നു പറയാതിരുന്നതെന്നും കണ്ണൻ സാഗർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഒരുപാട് മോശം അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. അതിലൊന്ന് പറയാതിരിക്കുന്നത് വലിയ വിവാദമാകും എന്നുള്ളതുകൊണ്ടാണ്. അബീക്കയുടെ ഒരു പരിപാടിക്ക് ഗൾഫിൽ ചെന്നപ്പോൾ എന്നോട് അദ്ദേഹം ഒരു തുക പറഞ്ഞു. ചെറിയ തുകയാണ്, പക്ഷേ അതുമതി. ചോദിക്കുന്നതിൽ കൂടുതൽ തന്നോളും എന്നാണ് പരിപാടികൾക്ക് പോകുമ്പോഴുള്ള നമ്മുടെ പ്രതീക്ഷ. ഗൾഫിൽ ഷോയ്‌ക്ക് പോയി. 6 പരിപാടി പറഞ്ഞിടത്ത്, 14 പരിപാടി ചെയ്തു. അതെല്ലാം കഴിഞ്ഞ് റൂമിലേക്ക് വന്നു. പിറ്റേദിവസം രാവിലെ നാട്ടിലേക്ക് പോകണം”.
“അന്ന് രാത്രിയിൽ സംഘാടകർ റൂമിലേക്ക് വന്നു. ഓരോരുത്തരോടും പെയ്മെന്റ് എത്രയാണെന്ന് ചോദിച്ചു. നസീറിനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞ തുക പെട്ടിയിൽ നിന്ന് എടുത്തുകൊടുത്തു. എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, അബീക്കയാണ് കൊണ്ടുവന്നത്. സംഘാടകർ എന്നെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു. പെയ്മെന്റിന്റെ കാര്യം അബീക്കയുമായി സംസാരിച്ചാൽ മതിയെന്ന് ഞാൻ അവരോട് പറഞ്ഞു. അവസാനം നിർബന്ധിച്ചപ്പോൾ എനിക്ക് സാധാരണ തരാറുള്ള തുക ഞാൻ പറഞ്ഞു. അപ്പോൾ അവർ പരസ്പരം നോക്കിയിട്ട്, അബീക്കയോട് സംസാരിച്ചിട്ട് പണം തരാം എന്ന് പറഞ്ഞു”.
“സംഘാടകർ പോയി 15 മിനിറ്റ് കഴിഞ്ഞപ്പോൾ അബീക്കയുടെ കോൾ വന്നു. എന്നോട് ഭയങ്കരമായി ചൂടായി. വലിയ പ്രശ്നമാക്കി. നാട്ടിൽ തിരിച്ചു പോകുന്നതല്ലേ, എന്തെങ്കിലും മേടിക്കണമെന്ന് തോന്നി. അതാണ് പൈസ ചോദിച്ചത്. ബാക്കി എല്ലാവർക്കും ഗിഫ്റ്റുകളൊക്കെ കിട്ടിയിരുന്നു. എനിക്ക് അവിടെ ബന്ധുക്കളോ പരിചയക്കാരോ ഒന്നുമില്ല. വീട്ടിൽ അമ്മയൊക്കെ ഉണ്ട്, എന്തെങ്കിലും മേടിച്ചിട്ട് പോകണം. പക്ഷേ പൈസ ഒന്നും കിട്ടിയില്ല. അടുത്തദിവസം നാട്ടിലേക്ക് പോകാൻ വേണ്ടി ഒരുങ്ങി. ബാക്കിയെല്ലാവരെയും കൊണ്ടുപോകാൻ കാർ വന്നു. അബീക്കയും കുറച്ചുപേരും കാറിൽ കയറി പോയി. ആ സമയം കുറച്ചു പേർ വന്ന് എന്നോട് പറഞ്ഞു, കണ്ണന്റെ ടിക്കറ്റ് കൺഫോം ആയില്ല. നാളത്തേക്ക് ആകും, ഇവിടെ തങ്ങാം എന്ന് പറഞ്ഞു”.
“ബാക്കി എല്ലാവരും പോയി, ഞാൻ മാത്രം അവിടെ ഒറ്റയ്‌ക്ക്. കമ്മറ്റിക്കാരാണ് പണം നൽകാമെന്ന് പറഞ്ഞത്. പണം അവര് തന്നോളുമെന്ന് അബീക്കയും പറഞ്ഞു. നാലഞ്ചു ദിവസം ഞാൻ അവിടെ കിടന്നു. ആദ്യത്തെ ഒന്ന് രണ്ട് ദിവസം ആരൊക്കെയോ കൊണ്ടുവന്ന് ഇത്തിരി ഭക്ഷണം തന്നു. പിന്നെ ആരും തിരിഞ്ഞു നോക്കിയില്ല. കാണുന്നവർ ചോദിക്കും, എന്താണ് ഇതുവരെ പോകാത്തത് എന്ന്. ഞാൻ പറയും, എനിക്കറിയില്ല. വീട്ടിലിരിക്കുന്ന അമ്മയെ ഫോൺ വിളിക്കാൻ പോലും പൈസയില്ല. എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തി. ഞാൻ തുക പറഞ്ഞിട്ടാവും. ഒരുപാട് കരഞ്ഞു, മറക്കാൻ പറ്റാത്ത വേദനയാണ് ഞാൻ അനുഭവിച്ചത്. ഒറ്റപ്പെടുത്തലിന്റെ വേദന. ഒരിക്കലും ഒരു മനുഷ്യനോടും ഇങ്ങനെ ചെയ്യരുത്. അഞ്ചാമത്തെ ദിവസമാണ് എനിക്ക് ടിക്കറ്റ് കിട്ടിയത്, പറഞ്ഞ തുക കിട്ടിയതുമില്ല. മനപ്പൂർവ്വം മൂന്നാല് ദിവസം എന്നെ ഇട്ടേക്കാൻ പറഞ്ഞതുകൊണ്ടാവും”-കണ്ണൻ സാഗർ പറഞ്ഞു.