മലപ്പുറം: പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫും മകൻ മുഹമ്മദ് അമീനുമാണ് (14 )മരിച്ചത്. കൃഷിക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉച്ചയ്‌ക്ക് 3 മണിയോടെയാണ് സംഭവം. കൃഷിക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് ഹൗസിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റെന്നാണ് കരുതുന്നത്. പിതാവ് മുഹമ്മദ് അഷ്റഫിനാണ് ആദ്യം ഷോക്കേൽക്കുന്നത്. ഷോക്കുണ്ടെന്നറിയാതെ പിതാവിനെ സ്പർശിച്ച മകനും അപകടത്തിൽപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ മറ്റൊരു പെൺകുട്ടി ഇവരെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഷോക്കേറ്റ് തെറിച്ച് വീണ പെൺകുട്ടിക്ക് പരിക്ക് പറ്റി. പെരിന്തൽമണ്ണയിൽ ഇന്ന് മറ്റൊരു യുവാവും ഷോക്കേറ്റ് മരിച്ചിരുന്നു. കുഞ്ഞു മുഹമ്മദ് എന്ന മാനുവാണ് മരിച്ചത്. അയൽവീട്ടിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടി ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് ഇയാൾക്ക് ഷോക്കേറ്റത്.















