ബെംഗളൂരു : ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറായി നീട്ടണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ച് കർണ്ണാടകയിലെ ഐടി കമ്പനികൾ. 1961ലെ കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് ഭേദഗതിചെയ്ത് ഇത് നടപ്പാക്കാനാണ് നീക്കം. നിയമപരമായി ജോലി സമയം 14 മണിക്കൂറായി (12 മണിക്കൂർ + 2 മണിക്കൂർ ഓവർടൈം) നീട്ടുന്ന ഭേദഗതിയിൽ തങ്ങളുടെ നിർദ്ദേശം ഉൾപ്പെടുത്തണമെന്നാണ് ഐടി കമ്പനികളുടെ ആവശ്യം. നിലവിൽ ഒമ്പതുമണിക്കൂർ ജോലിയും പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്തുമണിക്കൂർവരെയാണ് ജീവനക്കാരുടെ ജോലിസമയം.
അതേസമയം ബില്ലിനെതിരെ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.പുതിയ നീക്കം ഐടി ജോലികളിലെ ഷിഫ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കുമെന്നും അതുവഴി തൊഴിലാളികളിൽ മൂന്നിലൊരാളുടെ ജോലി ഇല്ലാതാക്കാൻ ഇത് കാരണമായേക്കാമെന്നും മുന്നറിയിപ്പ് നൽകി യൂണിയൻ പ്രസ്താവന ഇറക്കി. വർധിച്ച ജോലി സമയം ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന പഠനങ്ങളും യൂണിയൻ ചൂണ്ടിക്കാട്ടി.
ഐടി മേഖലയിലെ 45% ജീവനക്കാർ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും 55% ജീവനക്കാർ ശാരീരിക ആരോഗ്യപ്രശ്നങ്ങളും നേരിടുന്നവരാണെന്നും ജോലി സമയം വർധിപ്പിക്കുന്നത് ഈ സാഹചര്യം കൂടുതൽ വഷളാക്കുമെന്നും യുണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല സംസ്ഥാനം ജീവനക്കാരെ യന്ത്രങ്ങളെപ്പോലെയാണ് കാണുന്നതെന്നും ഐടി സ്ഥാപനങ്ങൾ ഉന്നയിക്കുന്ന ആവശ്യം പുനഃപരിശോധിക്കണമെന്നും നടപ്പാക്കരുതെന്നും യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.