ഗുഡ്ഗാവ്: ബ്രജ്മണ്ഡൽ ജലാഭിഷേക ശോഭായാത്ര നടക്കുന്ന ഹരിയാനയിലെ നൂഹിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം ആറ് മണിമുതൽ 24 മണിക്കൂർ സമയത്തേക്ക് ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിർത്തലാക്കി. ശോഭായാത്ര അവസാനിക്കുന്നതുവരെ നൂഹിലേക്ക് വലിയ വാഹനങ്ങൾ ഒന്നും തന്നെ കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വരെ പ്രദേശത്തെ മദ്യശാലകൾ അടച്ചിടാനും നിർദ്ദേശമുണ്ട്. നൂഹിലെ നൽഹാർ, ഫിറോസ്പൂർ ജിർക്ക, സിംഗാർ എന്നീ മൂന്ന് ക്ഷേത്രങ്ങളിലൂടെയാണ് ജലാഭിഷേക ശോഭയാത്ര കടന്നുപോകുന്നത്.
കഴിഞ്ഞ വർഷത്തെ ശോഭായാത്രയിൽ നടന്ന അക്രമസംഭവങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഇത്തവണ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 31 ന് നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്‌ക്കുനേരെ ഒരു കൂട്ടം ആളുകൾ കല്ലെറിയുകയും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ ബജ്‌രംഗ് പ്രവർത്തകരും പള്ളിയിലെ പുരോഹിതനും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടിരുന്നു.
ഇത്തവണത്തെ ശോഭായാത്രയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗുഡ്ഗാവ് പൊലീസ് സ്ഥലത്തെ പ്രധാന ഹിന്ദു സംഘടനകളുമായി ചർച്ച നടത്തി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ കരൺ ഗോയലും ഡിസിപി മനേസർ ദീപക് കുമാറും സമാധാനം നിലനിർത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഘോഷയാത്രയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് പങ്കെടുക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഘോഷയാത്രയുടെ മേൽനോട്ടം വഹിക്കാൻ 14 ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. ആരവല്ലി പർവതങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും ചുറ്റും ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. കമാൻഡോകൾ, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ, സിആർപിഎഫ് സൈനികർ എന്നിവരെ എല്ലാ കോണുകളിലും വിന്യസിക്കുമെന്ന് പൊലീസ് അറിയിച്ചു.















