പ്രതിരോധ മേഖല ഒരു പടി കൂടി സ്വയംപര്യാപ്തമാകുന്നു. പ്രതിരോധ മേഖലയ്‌ക്ക് പുത്തൻ കുതിപ്പേകി എച്ച് 125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ സ്ഥാപിക്കാനായി ഇന്ത്യയിൽ എട്ടിടങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് പ്രമുഖ യൂറോപ്യൻ കമ്പനിയായ എയർബസ്. ടാറ്റയുടെ സഹകരണത്തോടെയാകും ഇന്ത്യയിൽ അസംബ്ലി ലൈൻ സജ്ജമാക്കുകയെന്ന് എയബസ് അറിയിച്ചിട്ടുണ്ട്.
സിംഗിൾ എഞ്ചിൻ എച്ച് 125-ന്റെ നാലാമത്തെ അസംബ്ലി ലൈൻ (എഫ്എഎൽ) ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക. തുടക്കത്തിൽ പ്രതിവർഷം പത്ത് ഹെലികോപ്റ്ററുകൾ വരെ ഉത്പാദിപ്പിക്കുമെന്നും വിപണിയുടെ ആവശ്യകത അനുസരിച്ച് ഉത്പാദനം ഉയർത്തുമെന്നും എയർബസ് അധികൃതർ അറിയിച്ചു. ഈ വർഷം ഒക്ടോബറിലോ നവംബറിലോ എഫ്എഎലിന്റെ തറക്കല്ലിടൽ നടക്കും. 2026-ലോടെ പ്രവർത്തനം ആരംഭിച്ച് അതേ വർഷം അവസാനത്തോടെ മെയ്ഡ് ഇൻ ഇന്ത്യ എച്ച്-125 ഹെലികോപ്റ്ററുകളുടെ വിപണനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലെ സൈറ്റുകൾ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു. ഹെലികോപ്റ്ററുകളുടെ ഭാവി വിപണിയാണ് ഭാരതമെന്ന് എയർബസ് ഗ്ലോബൽ ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഒലിവിയർ മൈക്കലോൺ പറഞ്ഞു.
ഇന്ത്യയിലും ദക്ഷിണേഷ്യൻ മേഖലയിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹെലികോപ്റ്ററാണ് എച്ച്-125. വരുന്ന് 20 വർഷത്തിനുള്ളിൽ ഇതിന്റെ ആവശ്യകത വൻ തോതിൽ ഉയരുമെന്നാണ് കമ്പനിയുടെ പ്രവചനം. ഗുജറാത്തിലെ വഡോദരയിൽ C 295 വിമാനങ്ങൾക്കും അസംബ്ലി ലൈൻ എയർബസ് സ്ഥാപിക്കുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം 100 എയർബസ് ഹെലികോപ്റ്ററുകൾ ഉണ്ട്. അവയിൽ ഭൂരിഭാഗവും H-125 ഉം 130-ഉം ആണ്.