ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെ. ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും. ഓഗസ്റ്റ് 12-നാകും സമ്മേളനം അവസാനിക്കുക.
കേരളത്തിന് നിർണായകമായ കോഫി പ്രൊമേഷൻ ആൻഡ് ഡെവലപ്മെന്റ് , റബർ പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ് തുടങ്ങി ആറ് ബില്ലുകളാകും സമ്മേളനത്തിൽ അവതരിപ്പിക്കുക. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ബജറ്റും അവതരിപ്പിക്കും. 1934-ലെ എയർക്രാഫ്റ്റ് ആക്ടിന് പകരം ഭാരതീയ വായുധാൻ വിധേയക്, സ്വാതന്ത്ര്യത്തിന് മുൻപുള്ള നിയമത്തിന് പകരമായി ബോയിലേഴ്സ് ബിൽ എന്നിവയും അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷിയോഗം ഇന്നലെ ചേർന്നിരുന്നു.
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ ബജറ്റാണ് നാളെ അവതരിപ്പിക്കുക. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുക. വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. കേരളവുമേറെ പ്രതീക്ഷയിലാണ്. വിനോദ സഞ്ചാര, പൈതൃക വിനോദ സഞ്ചാര മേഖലകളിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
നാഗപട്ടണം വലിയപള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ നിർദേശം വച്ചിട്ടുണ്ട്. വേളാങ്കണ്ണി, ഡിണ്ടിഗൽ,മംഗളാദേവി, മലയാറ്റൂർ പള്ളി, അൽഫോൺസാമ്മ കബറിടം, കാലടി, കൊടുങ്ങലൂർ എന്നിവിടങ്ങളിൽ കൂടി ഉൾപ്പെടുന്ന സർക്കീറ്റാണിത്. അമൃത് പദ്ധതിയുടെ ഗുരുവായൂർ അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും തീർത്ഥാടന നഗരങ്ങളിലും പശ്ചാത്തല സൗകര്യ വികസത്തിന് വലിയ പദ്ധതികൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്.