ശ്രീനഗർ : 22 ദിവസത്തിനിടെ അമർനാഥിൽ ദർശനത്തിനെത്തിയത് 3.86 ലക്ഷത്തിലധികം ഭക്തർ . ഞായറാഴ്ച ജമ്മുവിൽ നിന്ന് കശ്മീരിലേക്ക് 3,113 തീർത്ഥാടകർ കൂടി പുറപ്പെട്ടതോടെയാണ് എണ്ണം വർധിച്ചത്. ദർശനത്തിനെത്തുന്നവരിൽ വിദേശ പൗരന്മാരുമുണ്ട്.
ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം ജൂൺ 29 നാണ് ആരംഭിച്ചത് . ശനിയാഴ്ച 11,000 തീർഥാടകർ ദർശനം നടത്തിയിരുന്നു.ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്ന് രണ്ട് വാഹനങ്ങളിലായി 3,113 യാത്രികരുടെ മറ്റൊരു സംഘം കഴിഞ്ഞ ദിവസമാണ് അമർനാഥിലേയ്‌ക്ക് പുറപ്പെട്ടത് . 48 വാഹനങ്ങളിലായി 1.153 തീർഥാടകരെയും വഹിച്ചുകൊണ്ട് പുലർച്ചെ 2.56 ന് വടക്കൻ കശ്മീർ ബാൽട്ടാൽ ബേസ് ക്യാമ്പിലേക്ക് ആദ്യ വാഹനം പുറപ്പെട്ടു. ദക്ഷിണ കശ്മീർ നുൻവാൻ (പഹൽഗാം) ബേസ് ക്യാമ്പിലേക്ക് 75 വാഹനങ്ങളിലായി 1.960 തീർഥാടകരുമായി പുലർച്ചെ 3.41 ന് രണ്ടാമത്തെ വാഹനവും പുറപ്പെട്ടു. രണ്ട് വാഹനവ്യൂഹങ്ങളും ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് അമർനാഥിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹ സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത തെക്കൻ കശ്മീർ പഹൽഗാം വഴിയോ വടക്കൻ കശ്മീർ ബാൽതാൽ വഴിയോ ആണ് ഭക്തർ ഗുഹാക്ഷേത്രത്തിലെത്തുന്നത്.















