ന്യൂഡൽഹി : കോൺഗ്രസ് ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനവുമായി ബിജെപി നേതാവ് അനുരാഗ് താക്കൂർ. ഭരണഘടനയിൽ ഭേദദഗതികൾ വരുത്തുന്നത് കോൺഗ്രസിന്റെ പതിവായിരുന്നുവെന്നും, അതുവഴി അവർ ഭരണഘടനയുടെ അന്തസത്ത നശിപ്പിച്ചുവെന്നും അനുരാഗ് ഠാക്കൂർ ആരോപിച്ചു. ” കോൺഗ്രസ് പലകാലഘട്ടങ്ങളിലായി ഭരണഘടനയിൽ ഭേദഗതികൾ കൊണ്ടുവന്നു. രാജ്യത്ത് ഇക്കൂട്ടർ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന സമീപനമായിരുന്നു അവർക്ക്.
അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാക്കളെ അടക്കം ജയിലിൽ അടച്ചു. മാദ്ധ്യമപ്രവർത്തകരെ ജയിലിൽ അടച്ചു. സാധാരണക്കാരുടെ എല്ലാ മൗലിക അവകാശങ്ങളും നിഷേധിച്ചു. ജവഹർലാൽ നെഹ്റു മുതൽ ഇന്ദിരാഗാന്ധി വരെയും, പിന്നീട് മൻമോഹൻസിംഗിന്റെ ഭരണകാലം വരെ 80ലധികം തവണയാണ് അവർ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തിയതെന്നും” അനുരാഗ് ഠാക്കൂർ വിമർശിച്ചു.
ഭരണഘടന കയ്യിൽപിടിച്ച് നടക്കുന്നവർക്ക് ഇതിനെ കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് പോലും മറുപടി നൽകാൻ കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ച് അനുരാഗ് ഠാക്കൂർ പറഞ്ഞു. ” ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അതിനെ കുറിച്ച് ഇപ്പോൾ വലിയ പ്രസംഗം നടത്തുന്നത്. വലിയ വിരോധാഭാസമാണിത്. അതിന് ഏറ്റവും വലിയ തെളിവാണ് രാഹുൽ ഗാന്ധി പോകുന്നിടത്തെല്ലാം ഭരണഘടനയുമായി പോയി അത് ഉയർത്തി കാണിക്കുന്നത്. പാർലമെന്റ് ആകട്ടെ പൊതുപരിപാടികൾ ആകട്ടെ എവിടെയും ഭരണഘടനയുമായിട്ടാണ് അദ്ദേഹത്തിന്റെ യാത്ര.
എന്നാൽ വിചിത്രമായ കാര്യം എന്തെന്നാൽ അത് അദ്ദേഹം വായിച്ച് പോലും നോക്കിയിട്ടില്ല എന്നുള്ളതാണ്. ഭരണഘടനയ്‌ക്ക എത്ര പേജുകളുണ്ട് എന്ന ചോദ്യത്തിന് പോലും മറുപടി നൽകാൻ രാഹുലിന് കഴിഞ്ഞിട്ടില്ല. ഭരണഘടനയെ ആരെങ്കിലും അപമാനിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസും രാഹുൽ ഗാന്ധിയും മാത്രമാണ്. അടിയന്തരാവസ്ഥ ഇതിന് തെളിവാണ്. ഈ കള്ളത്തരങ്ങൾ ഉപേക്ഷിച്ച് രാഹുൽ രാജ്യത്തോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും” അനുരാഗ് ഠാക്കൂർ പറയുന്നു.