വാഷിംഗ്ടൺ : റെഡി ടു ഈറ്റ് സാലഡുകളിൽ മാരക രോഗമുണ്ടാക്കാൻ കഴിവുള്ള ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടാകാമെന്ന് പഠനം. ഫൂഡ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണമേന്മയും, അതിലുള്ള രോഗാണുക്കളുടെ സാന്നിധ്യവും കണക്കാക്കിയാണ് ഈ വിവരങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത്. ബ്രസീലിലാണ് ഈ പഠനം നടത്തിയത്.
2000ത്തിനും 2021നും ഇടയിൽ ബ്രസീലിൽ പല സമയങ്ങളിലായി ഭക്ഷ്യവിഷബാധ പടർന്നുപിടിച്ച കാര്യം ഉൾപ്പെടെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. വിറ്റാമിനുകൾ, നാരുകൾ എന്നിവ ധാരാളമായി ലഭിക്കുക എന്ന ലക്ഷ്യത്തിലാണ് ഓരോ വ്യക്തിയും പച്ചക്കറികളുടെ അളവ് ഭക്ഷണത്തിൽ കൂട്ടിക്കൊണ്ടുവരുന്നത്. ദൈനംദിന ജീവിതത്തിൽ തിരക്കുകൾ കൂടിവരുന്ന സാഹചര്യത്തിൽ വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഭക്ഷണമാണ് ഓരോ വ്യക്തികളും തയ്യാറാക്കാൻ ശ്രമിക്കുന്നത്. റെഡി ടു ഈറ്റ് എന്ന സംസ്‌കാരം ഉയരാൻ ഇത് കാരണമായി.
എന്നാൽ പലപ്പോഴും കൃത്യമായി അണുവിമുക്തമാക്കുകയോ വൃത്തിയാക്കുകയോ ചെയ്യാതെയാണ് പലപ്പോഴും ഇത്തരത്തിലുള്ള റെഡി ടു ഈറ്റ് സാലഡുകൾ തയ്യാറാക്കുന്നത്. ഇത് ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ പിഴവുകൾ ഒഴിവാക്കാൻ കർശന നിയന്ത്രണം ആവശ്യമാണെന്നും ലേഖനം തയ്യാറാക്കിയ വ്യക്തികളിലൊരാളായ ഡാനിയേൽ മാഫി പറയുന്നു. ബ്രസീലിലെ സാവോ പോളോ സർവകലാശാലയിലെ ഫുഡ് ആൻഡ് ന്യൂട്രീഷൻ വിഭാഗത്തിൽ പ്രൊഫസറാണ് ഇദ്ദേഹം.
പഠന വിധേയമാക്കിയ ചില ഭക്ഷണങ്ങളിൽ എസ്‌ചെറിച്ചിയ കോളി, സാൽമൊണല്ല, ലിസ്റ്റീരിയ മോണോസൈറ്റോജൻ എന്നീ ബാക്ടീരിയകളുടെ സാന്നിധ്യം വലിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികൾ വൃത്തിയാക്കുന്ന രീതി, പാക്കേജിംഗ് എന്നിവയെല്ലാം ഇത്തരം റെഡി ടു ഈറ്റ് സാലഡുകളുടെ കാര്യത്തിൽ നിർണായക ഘടകമാകാറുണ്ട്. ചുരുക്കം സമയത്തിനുള്ളിൽ വൃത്തിയാക്കാൻ സാധിക്കുന്നതും, എന്നാൽ സമയമെടുത്ത് വൃത്തിയാക്കേണ്ടതുമായ പച്ചക്കറികൾ ഉണ്ട്. അതിനാൽ തന്നെ പ്രോസസിംഗ് എന്നത് വളരെ ശ്രദ്ധിക്കേണ്ട പ്രക്രിയയാണ്. 1970ഓടെയാണ് ഇത്തരം ഭക്ഷണങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറിയത്. ഓരോ ദിവസവും ഇതിന്റെ ആവശ്യകത വർദ്ധിച്ച് വരുന്ന സാഹചര്യമാണ്. ഇത്തരം ഉത്പന്നങ്ങളുടെ സംസ്‌കരണത്തിലും വിൽപ്പനയിലും നിയമനിർമാണ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.