തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ പത്രോസ് (58) ആണ് മരിച്ചത്. പുലർച്ചെ 6.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. ശക്തമായ തിരയിൽ പെട്ട് വള്ളം മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.
ആറംഗ സംഘം പുലർച്ചെയോടെ മത്സ്യബന്ധനത്തിന് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ പെട്ട മറ്റെല്ലാവരും നീന്തിക്കയറിയെങ്കിലും പത്രോസിന് വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരാഴ്ചയ്‌ക്കിടെ മര്യനാട് സംഭവിക്കുന്ന മൂന്നാമത്തെ അപകടമരണമാണിത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വള്ളം മറിഞ്ഞ് മര്യനാട് സ്വദേശികളായ സേവ്യർ (62), അലോഷ്യസ് എന്നിവർ മരിച്ചിരുന്നു.















