ന്യൂഡൽഹി: കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ പൂർണമായും കരകയറിയെന്ന് സാമ്പത്തിക സർവേ. മഹാമാരിക്ക് തൊട്ടുമുൻപുള്ള 2019-20 സാമ്പത്തിക വർഷത്തേക്കാൾ 20 ശതമാനം വർദ്ധനവാണ് 2023-24 സാമ്പത്തിക വർഷത്തെ ജിഡിപിയിൽ രേഖപ്പെടുത്തിയതെന്നും പാർലമെന്റിൽ ധനമന്ത്രി സമർപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു. നാളെ നടക്കാനിരിക്കുന്ന കേന്ദ്രബജറ്റിന് മുന്നോടിയായാണ് നിർമലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചത്.
ആഗോളതലത്തിലുണ്ടായ നിരവധി സാമ്പത്തിക വെല്ലുവിളികളെ ശക്തമായി നേരിടാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് കഴിഞ്ഞതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ അടിത്തറയിലാണ് ഇന്ത്യ നിലകൊള്ളുന്നത്. വരും സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് കഴിയും. നടപ്പ് സാമ്പത്തിക വർഷം ജിഡിപി വളർച്ച 6.5-7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. രാജ്യത്തെ സാമ്പത്തിക വിപണികൾ, കാലാവസ്ഥാ വെല്ലുവിളികൾ, ജിയോപൊളിറ്റിക്കൽ വിഷയങ്ങൾ എന്നിവയെ ആശ്രയിച്ചാകും ജിഡിപിയിലെ പുരോഗതിയെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.
2024ൽ റീട്ടെയിൽ പണപ്പെരുപ്പം 5.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2023ൽ ഇത് 6.7 ശതമാനമായിരുന്നു. ഇന്ത്യയുടെ റിയൽ ജിഡിപി 2023-24ൽ 8.2 ശതമാനം വളർച്ച കൈവരിച്ചു. നാല് പാദങ്ങളിൽ മൂന്നിലും എട്ട് ശതമാനം വളർച്ച വീതം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി 7 ശതമാനത്തിന് മുകളിൽ വളർച്ചാനിരക്കാണ് റിയൽ ജിഡിപിയിൽ രേഖപ്പെടുത്തുന്നത്. ഉപഭോഗ ആവശ്യകതയും നിക്ഷേപക ആവശ്യകതയും മെച്ചപ്പെട്ടതിന്റെ ഭാഗമായിട്ടാണിതെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിലയിരുത്തുന്നു.
വാർഷിക തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു. മഹാമാരിക്ക് ശേഷമുള്ള കണക്ക് പ്രകാരമാണിത്. 15 വയസിന് മുകളിലുള്ള വ്യക്തികളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരികയാണെന്ന് ആനുവൽ പിരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) ഉദ്ധരിച്ച് നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് കഴിഞ്ഞ ആറ് വർഷമായി ഉയരുകയാണ്. 2017-18ലെ 23.3 ശതമാനത്തിൽ നിന്ന് 2022-23 ൽ 37 ശതമാനമായി ഉയർന്നു. പ്രധാനമായും ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തമാണ് വർദ്ധിച്ചുവരുന്നത്.















