ന്യൂഡൽഹി: കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായത് ലോകത്തെമ്പാടും വലിയ പ്രതിസന്ധിക്ക് ഇടയാക്കിയതിന് പിന്നാലെ യൂട്യൂബിലും സാങ്കേതിക തകരാർ. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ബെംഗളൂരു നഗരങ്ങളിലാണ് യൂട്യൂബിന് തകരാർ അനുഭവപ്പെട്ടത്. പ്രശ്നമെന്താണെന്ന് നിരീക്ഷിച്ച് വരികയാണെന്ന് യൂട്യൂബ് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ കൂടാതെ ഓസ്ട്രേലിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിലും യൂട്യൂബ് ഉപഭോക്താക്കൾക്ക് പ്രശ്നം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.
43 ശതമാനം പേർക്കും യൂട്യൂബ് ആപ്ലിക്കേഷൻ തുറക്കുന്നതിനാണ് പ്രയാസമുണ്ടായത്. 33 ശതമാനം പേർക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. ഉച്ചയ്‌ക്ക് 1.4ഓടെയാണ് യൂട്യൂബിൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. ഹൈദരാബാദ്, നാഗ്പൂർ, പൂനെ എന്നീ നഗരങ്ങളിലുള്ള ഉപയോക്താക്കൾക്കും യൂട്യൂബ് തുറക്കുമ്പോൾ തടസം നേരിട്ടിരുന്നു. സ്ഥിതിഗതികൾ പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്.















