ബെംഗളൂരു: ഷിരൂരിലെ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയിലേക്കെത്തിച്ചു. ഏഴു കിലോമീറ്റർ മാറിയാണ് ടാങ്കർ കണ്ടെത്തിയത്. ടാങ്കറിനുള്ളിലെ പാചകവാതകം തുറന്നുകളഞ്ഞ ശേഷമായിരുന്നു കരയിലേക്കെത്തിച്ചത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് പുഴയിൽ വീണ് ഒലിച്ചുപോയ ടാങ്കറാണിത്. നേരത്തെ അപകടത്തിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെയും അർജുന്റെ ലോറിയും കരയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അർജുനും ലോറിയും കരയിലെ മൺകൂനയ്‌ക്ക് അടിയിലില്ലെന്ന് സൈന്യവും സ്ഥിരീകരിച്ചു.
നദിക്കരയിൽ പുതിയൊരു സിഗ്നൽ കണ്ടെത്തിയിട്ടുണ്ട്. അവിടെയാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. മണ്ണിനൊപ്പം ലോറി ഗംഗാവലി പുഴയിൽ പതിഞ്ഞിട്ടുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഏഴാം ദിവസവും അർജുനായുളള തെരച്ചിൽ വിഫലമായതോടെ കാത്തിരുന്നവരും നിരാശയിലാണ്.
അപകടമുണ്ടായ ആദ്യ ദിവസങ്ങളിൽ കർണാടക രക്ഷാപ്രവർത്തനത്തിൽ വരുത്തിയ അലംഭാവമാണ് അർജ്ജുനെ കണ്ടെത്തുന്നത് വൈകിപ്പിച്ചതെന്ന വിമർശനം ശക്തമാണ്. ഇതിനിടയിലാണ് പ്രദേശത്തുണ്ടായിരുന്ന പാചകവാതക ടാങ്കർ ഏഴ് കിലോമീറ്റർ മാറി പുഴയിൽ നിന്ന് കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ അർജുന്റെ ലോറിക്കായി പുഴയിലും തെരച്ചിൽ സജീവമാക്കും.