തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് ബാധിച്ച് മരിച്ച 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
മരിച്ച 14 കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുള്ളത്. ഇവരിൽ 194 പേർ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്. 139-പേർ ആരോഗ്യ പ്രവർത്തകരുമാണ്. നിപ ബാധിച്ച് 14 കാരൻ മരണപ്പെട്ട പ്രദേശത്തെ 7339 വീടുകളിൽ സർവെ നടത്തിയിരുന്നു. ഇതിൽ 439 പേർ പനി ബാധിതരാണ്. നാലു പേർക്കാണ് കുട്ടിയുമായി നേരിട്ട് സമ്പർക്കമുള്ളത്.
കേരളത്തിൽ 2023 ൽ കണ്ടെത്തിയ വൈറസുകളുടെ അതെ വകഭേദം ആണ് ഇപ്പോഴും കണ്ടത്തിയിരിക്കുന്നത്. അനാവശ്യമായ ഭീതി വേണ്ട. പൂർണമായും സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഐസൊലേഷനിൽ ഉള്ളവർ പൂർണമായും അവിടെ തുടരണമെന്നും മന്ത്രി അറിയിച്ചു. 14 കാരൻ പഠിച്ച സ്‌കൂളിലെ അദ്ധ്യാപകരെയും രക്ഷിതാക്കളെയും വിളിച്ചുചേർത്ത് ക്ലാസ് പിടിഎയും നടന്നിരുന്നു.
കേരളത്തെ സംബന്ധിച്ച് 5-ാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. വളരെ കൃത്യമായിട്ടുള്ള സംവിധാനങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.