ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എത്രത്തോളം കരുത്താർജിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് 2023-2024ലെ സാമ്പത്തിക സർവേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓരോ പദ്ധതികളുടെയും പരിഷ്‌കാരങ്ങളുടെയും ഫലമാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
” സമ്പദ്‌വ്യവസ്ഥയിൽ ഭാരതം എത്രത്തോളം ശക്തിയാർജിച്ചുവെന്ന് തെളിയിക്കുന്നതാണ് 2023-2024 സാമ്പത്തിക വർഷത്തെ സർവേയിൽ ചൂണ്ടിക്കാട്ടുന്നത്. വികസിത ഭാരതം കെട്ടിപ്പടുക്കാനായാണ് നാം പരിശ്രമിക്കുന്നത്. ഏതെല്ലാം മേഖലകളിൽ ഇന്ത്യ പുരോഗതി കൈവരിച്ചുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
The Economic Survey highlights the prevailing strengths of our economy and also showcases the outcomes of the various reforms our Government has brought.
It also identifies areas for further growth and progress as we move towards building a Viksit Bharat.…
— Narendra Modi (@narendramodi) July 22, 2024
കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഇന്ത്യയുടെ സുസ്ഥിര വികസനത്തിനായി ആറ് മേഖലകളിൽ വിശദമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഉൽപാദനക്ഷമതയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, ചൈനയുടെ വെല്ലുവിളികൾ നേരിടുക എന്നിവ ഉൾപ്പെടെയുള്ള ആറ് മേഖലകളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും. വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് 2023-2024ലെ സാമ്പത്തിക സർവേ റിപ്പോർട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവാണ് ഉണ്ടായതെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. ആഗോളത്തലത്തിലുണ്ടായ നിരവധി സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ ഇന്ത്യയ്‌ക്ക് സാധിച്ചെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു.