മോസ്‌കോ: റഷ്യൻ സൈന്യത്തിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മാദ്ധ്യമപ്രവർത്തകയ്‌ക്ക് ആറര വർഷത്തെ ജയിൽശിക്ഷ വിധിച്ച് റഷ്യൻ കോടതി. യുഎസ് സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ് / റേഡിയോ ലിബർട്ടിയിലെ മാദ്ധ്യമപ്രവർത്തകയായ അൾസു കുർമഷേവയ്‌ക്കാണ് ശിക്ഷ വിധിച്ചത്. റഷ്യൻ – അമേരിക്കൻ ജേർണലിസ്റ്റാണ് കുർമഷേവ.
തെക്കൻ റഷ്യൻ നഗരമായ കസാനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ദിവസം നീണ്ടു നിന്ന കോടതി നടപടികൾക്ക് ശേഷമാണ് ശിക്ഷ പ്രസ്താവിച്ചതെന്ന് കോടതി വക്താവ് വ്യക്തമാക്കി. സംഭവത്തിൽ അപ്പീൽ നൽകുമോയെന്ന് കുർമഷേവയുടെ അഭിഭാഷകൻ പ്രതികരിച്ചിട്ടില്ല. യുഎസ് എംബസിയും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ചെക്ക് റിപ്പബ്ലിക്കിലായിരുന്ന കുർമഷേവ മെയിൽ കുടുംബആവശ്യങ്ങൾക്കായിട്ടാണ് കാസനിൽ എത്തിയത്. മടക്കയാത്രയ്‌ക്ക് വിമാനത്തിനായി കാത്ത് നിൽക്കവേ അറസ്റ്റിലാകുകയായിരുന്നു. റഷ്യയുടെയും അമേരിക്കയുടെയും പൗരത്വമുളള വ്യക്തിയാണ് കുർമഷേവ. യുഎസ് പൗരത്വമുളളതിനാൽ വിദേശ ഏജന്റാണെന്ന വിവരം മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
2022 ൽ റഷ്യൻ അധിനിവേശത്തെ ചോദ്യം ചെയ്യുന്നവരുടെ അഭിമുഖങ്ങൾ ഉൾക്കൊളളിച്ച് കുർമഷേവ പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഇതുൾപ്പെടെയുളള കാര്യങ്ങൾ അറസ്റ്റിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റഷ്യൻ നിയമവിദഗ്ധർ പറയുന്നത്.
വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്‌കോവിച്ചിനെയും വെളളിയാഴ്ച റഷ്യയിലെ കോടതി ചാരവൃത്തിക്കുറ്റത്തിന് ശിക്ഷിച്ചിരുന്നു. യെകാറ്ററിൻബർഗിലെ കോടതിയാണ് 16 വർഷത്തെ ജയിൽശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് കുർമഷേവയ്‌ക്കും ശിക്ഷ വിധിച്ചത്.















