ഇന്ന് രാവിലെ 11 മണിയോടെ ബജറ്റ് അവതരണത്തിനൊപ്പമൊരു റെക്കോർഡ് കൂടി പിറക്കും. രാജ്യത്തിന്റെ ചരിത്രത്തിലേറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം ഇനി നിർമലയ്‌ക്ക് സ്വന്തം. ആറു തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡാണ് പഴങ്കഥയാകുന്നത്.
ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച റെക്കോഡും നിർമല സീതാരാമനാണ്. 2020-ൽ രണ്ട് മണിക്കൂർ 42 മിനിട്ട് സമയമെടുത്തായിരുന്നു ബജറ്റ് അവതരണം. പേപ്പർ ഇല്ലാതെ, അച്ചടിച്ച കോപ്പി ഇല്ലാതെ ബജറ്റ് അവതരിപ്പിച്ച ആദ്യ കേന്ദ്ര ധനമന്ത്രിയും നിർമലാ സീതാരാമൻ ആയിരുന്നു. 2021-ലെ ബജറ്റിലായിരുന്നു ഇത്. അച്ചടിച്ച കോപ്പി ഇല്ലാത്തതുകൊണ്ട് തന്നെ പാർലമെൻറ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ’ ലഭ്യമായിരുന്നു.
ബജറ്റ് അവതരിപ്പിച്ച ആദ്യ വനിതയെന്ന നേട്ടം ഇന്ദിര ഗാന്ധിയുടെ പേരിലാണെങ്കിലും പൂർണസമയ ധനമന്ത്രിയുടെ റോളിലെത്തിയ ആദ്യ വനിതയാണ് നിർമലാ സീതാരാമൻ. 1969-ൽ കോൺഗ്രസ് പിളർന്നതിനെ തുടർന്ന് മൊറാർജി ദോശായി പുറത്തായപ്പോഴാണ് ഇന്ദിര ഗാന്ധി ബജറ്റ് അവതരിപ്പിച്ചത്.















