ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലോകവിപണിയിലെത്തിയ ഐഫോണുകളിൽ 14 ശതമാനം നിർമിച്ചത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ റാങ്ക് മെച്ചപ്പെടുത്തിയതായും നിർമലാ സീതാരാമൻ സമർപ്പിച്ച സാമ്പത്തിക സർവേയിൽ പറയുന്നു.
കയറ്റുമതിയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ യുഎസിലേക്കുള്ള കയറ്റുമതി 2.2 ബില്യൺ ഡോളറിയിരുന്നെങ്കിൽ 2024-ൽ ഇത് 5.7 ബില്യൺ ഡോളറായി ഉയർന്നു. ഇലക്ട്രോണിക്സ് മേഖല വലിയ വളർച്ച കൈവരിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച സർവേ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14 ബില്യൺ ഡോളറിന്റെ ഐഫോണാണ് കയറ്റുമതി ചെയ്തത്. ആഗോള ഐഫോൺ ഉത്പാദനത്തിന്റെ 14 ശതമാനത്തോളം വരുമിത്. കർണാടകയിലും തമിഴ്നാട്ടിലും ഫോക്സ്കോൺ ഐഫോൺ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
2018-ൽ 0.63 ശതമാനമായിരുന്നു ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയെങ്കിൽ 2022-ൽ ഇത് 0.88 ശതമാനമായി ഉയർന്നു. 2018-ൽ കയറ്റുമതിയിൽ 28-ാം സ്ഥാനത്തായിരുന്നെങ്കിൽ 2022-ൽ നാല് റാങ്കിംഗ് ഉയർത്തി 24-ാം സ്ഥാനത്തെത്താൻ ഇന്ത്യക്ക് സാധിച്ചുവെന്നും സാമ്പത്തിക സർവേയിൽ പറയുന്നു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ചരക്ക് കയറ്റുമതി 2019-ലെ 2.7 ശതമാനത്തിൽ നിന്ന് 2024-ൽ 6.7 ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
2014 മുതൽ രാജ്യത്തെ ഇലക്ട്രോണിക്സ് രംഗം അഭൂത പൂർവമായ വളർച്ചയാണ് കൈവരിച്ചതെന്നും 2022-ഓടെ ഇത് 3.7 ശതമാനത്തിന്റെ വളർച്ചയും രേഖപ്പെടുത്തി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നാല് ശതമാനം സംഭാവന നൽകാനും ഇലക്ട്രോണിക്സ് മേഖലയ്‌ക്ക് സാധിച്ചു. 8.22 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ഉത്പാദനമാണ് 2022-23 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ 1.9 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും രേഖപ്പെടുത്തി.