ന്യൂഡൽഹി: പാർലമെന്റ് ചരിത്രത്തിലെ റെക്കോർഡ് തിരുത്തി നിർമലാ സീതാരാമൻ. തുടർച്ചയായ ഏഴാം ബജറ്റ് അവതരണമെന്ന റെക്കോർഡ് നിർമലാ സീതാരാമൻ സ്വന്തമാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചതോടെയാണ് അപൂർവ റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തമായത്. ആറ് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡ് ഇതോടെ തിരുത്തപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനത വിശ്വാസം രേഖപ്പെടുത്തിയെന്ന് ബജറ്റ് അവതരണത്തിന്റെ ആരംഭത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വിശ്വാസമാണ് മൂന്നാം തവണയും അധികാരത്തിലെത്തിച്ചത്. സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണയും അംഗീകാരവും ജനങ്ങൾ നൽകി. പണപ്പെരുപ്പം ലോകം മുഴുവൻ നേരിടുന്ന പ്രതിസന്ധിയാണ്. ഇത്തരമൊരു സാഹചര്യത്തിലും ഭാരതത്തിന്റെ സാമ്പത്തിക വളർച്ച പുരോഗതിയുടെ പാതയിലായിരുന്നുവെന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി