ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് നടന്ന് കയറിയ പ്രതിഭയാണ് മഞ്ജു വാര്യർ . വെള്ളരിപ്പട്ടണത്തിനുശേഷം മഞ്ജുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ ഫൂട്ടേജാണ്. ഒരിടവേളയ്‌ക്കുശേഷം മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണിത് .
സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഓൺലുക്കേർസ് മീഡിയ എന്ന യുട്യൂബ് ചാനലിന് മഞ്ജു നൽകിയ അഭിമുഖത്തിനിടെ നടന്ന ഹൃദയസ്പർശിയായ ഒരു കൂടിക്കാഴ്ചയുടെ വീഡിയോയാണ് വൈറലാകുന്നത്.
സ്വകാര്യ മാദ്ധ്യമത്തിൽ അവതാരകനായി ജോലി ചെയ്യുന്ന വ്യക്തിയാണ് വൈശാഖ്. വളരെ കുട്ടിയായിരുന്നപ്പോൾ തന്നെ വൈശാഖിന്റെ ചേച്ചി മരിച്ചു. അതിനാൽ തന്നെ ചേച്ചിയെ കണ്ട ഓർമ വൈശാഖിനില്ല. എന്നാൽ മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് വീട്ടുകാർ കുട്ടിക്കാലം മുതൽ വൈശാഖിന് കാട്ടിക്കൊടുത്തതിരുന്നത് മഞ്ജുവിനെയാണ്.
ഓർമവെച്ചപ്പോൾ സത്യം അതല്ലെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ചേച്ചിയെന്ന സ്ഥാനത്ത് വൈശാഖ് ഇപ്പോഴും മഞ്ജുവിനെ തന്നെയാണ് കാണുന്നത്. പലവട്ടം മഞ്ജുവിനെ നേരിൽ കാണാൻ വൈശാഖ് ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. ആദ്യമായി അതിനൊരു അവസരം കിട്ടിയപ്പോൾ വിറയാർന്ന കൈകളുമായാണ് വൈശാഖ് എത്തിയത്.വൈശാഖിന്റെ ജീവിത കഥ കേട്ടപ്പോൾ ചേച്ചിയാണെന്ന് തന്നെ കരുതിക്കോളാനാണ് മഞ്ജുവും പറഞ്ഞത്. ശേഷം വൈശാഖിന്റെ വിശേഷങ്ങളെല്ലാം മഞ്ജു ചോദിച്ച് അറിഞ്ഞു.മഞ്ജുവിനെ ആദ്യമായി കണ്ട സന്തോഷം പങ്കിട്ട് മനോഹരമായ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈശാഖും പങ്ക് വച്ചിട്ടുണ്ട്.















