വൻ പ്രതീക്ഷകളുമായി എത്തിയെങ്കിലും ആദ്യ ദിനത്തിൽ തന്നെ ‘ഇന്ത്യൻ 2’ തിയേറ്ററിൽ പരാജയമായി മാറിയിരുന്നു. കമൽ ഹാസൻ-ശങ്കർ ചിത്രത്തിന് തിയേറ്ററിൽ കാണികളെ എത്തിക്കുവാനും സാധിച്ചില്ല. തിയേറ്ററിൽ മികച്ച വിജയം കാഴ്ച വയ്‌ക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ 2 ഉടൻ ഒടിടിയിൽ എത്തുമെന്നാണ് സൂചന.
ചിത്രം ഓഗസ്റ്റ് ആദ്യ വാരം തന്നെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 250 കോടി മുടക്കിയ ചിത്രത്തിന് ബോക്സോഫീസിൽ നേട്ടങ്ങൾക്ക് പകരം വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത്. ജൂലൈ 12ന് റിലീസ് ചെയ്ത ചിത്രത്തിനെതിരെ വലിയ രീതിയില്‍ ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രം മോശമാണെന്ന പ്രതികരണത്തിന് ശേഷം ചിത്രത്തിന്റെ ദെെർഘ്യവും വെട്ടി ചുരുക്കിയിരുന്നു. പ്രദർശനം ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം ചിത്രത്തിന്റെ 12 മിനിറ്റ് സമയം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
26 കോടി മാത്രമായിരുന്നു ഇന്ത്യൻ ബോക്‌സ് ഓഫീസിലെ ഓപ്പണിങ് ഡേ കളക്ഷൻ. സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, നെടുമുടി വേണു, വിവേക്, ബോബി സിംഹ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് . ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ് മൂവീസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.















