ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം, ലെതർ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വിലകുറയും. മൊബെൽ ഫോൺ, ചാർജർ, സ്വർണം വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനവുമാണ് കുറയുക. കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും ബജറ്റിൽ ഒഴിവാക്കിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിനും എക്‌സ്‌റേ ട്യൂബിനും വിലകുറയും.
സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനായി നികുതി ഇളവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചെമ്മീൻ തീറ്റ ഉൾപ്പെട മൂന്ന് ഉത്പന്നങ്ങൾക്ക് വില കുറയും. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിക്കുന്നതോടെ പ്ലാസ്റ്റിക് ഉത്പന്നങ്ങുടെ വില കൂട്ടും. പിവിസി – ഫ്‌ളക്‌സ് ബാനറുകൾക്ക് 10 ശതമാനം മുതൽ 25 ശതമാനം വരെ ക്‌സറ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതിനാൽ വില കൂടും.
അതേസമയം ഇടത്തരക്കാർക്ക് ആശ്വാസം നൽകി കൊണ്ട് ബജറ്റിൽ ആദായ നികുതി സ്ലാബിലും നികുതി നിരക്കിലും മാറ്റമുണ്ട്. 10 ലക്ഷം രൂപ വരെയുള്ള മാറ്റമാണുള്ളത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി 75,000 ആക്കി ഉയർത്തി. എന്നാൽ പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക.
പുതിയ വ്യവസ്ഥ പ്രകാരം മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതിയില്ല. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെ അഞ്ച് ശതമാണ് നികുതി. ഏഴ് ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി നൽകണം. 10 മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതൽ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമായിരിക്കും നികുതി.















