ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രബജറ്റ് 2024-25 പ്രകാരം വില കുറയുന്ന വസ്തുക്കളിൽ ഇത്തവണ മൊബൈൽ ഫോണുകളുമുണ്ട്. മൊബൈൽ ഫോണുകൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടി (Basic Customs Duty) 15 ശതമാനമായി കുറച്ചുവെന്ന് ധനമന്ത്രി അറിയിച്ചു. നേരത്തെ ഇത് 20 ശതമാനമായിരുന്നുയ
മൊബൈൽ ഫോണുകൾ കൂടാതെ മൊബൈൽ ചാർജറുകൾക്കും പ്രിന്റഡ് സർക്യൂട്ട് ബോർഡിനും (PCBA) കസ്റ്റംസ് ഡ്യൂട്ടിയിൽ സമാന ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം
ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെയും ഫോൺ അനുബന്ധ ഉപകരണങ്ങളുടെയും വില കുറയുന്നതാണ്.
കഴിഞ്ഞ ആറ് വർഷത്തിനിടെ മൊബൈൽ ഫോണുകളുടെ ആഭ്യന്തര ഉത്പാദനത്തിൽ മൂന്ന് മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പോയ ദശാബ്ദത്തിനിടെ ഇന്ത്യയിലെ മൊബൈൽ ഇൻഡസ്ട്രി വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്. ആറ് വർഷത്തിനിടെ മൊബൈൽ ഫോണുകളുടെ കയറ്റുമതി 100 മടങ്ങ് വർദ്ധിച്ചതായും നിർമലാ സീതാരാമൻ പറഞ്ഞു. മൊബൈൽ ഫോണുകൾ കൂടാതെ സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണത്തിനും വെള്ളിക്കും ആറ് ശതമാനവും പ്ലാറ്റിനത്തിന് 6.4 ശതമാനവുമാണ് ഇനി കസ്റ്റംസ് ഡ്യൂട്ടി ഉണ്ടാവുക.