ഒളിമ്പിക്സിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ പാരിസ് നഗരം ഞെട്ടലിൽ. ഓസ്ട്രേലിയൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച പുലർച്ചെ പിഗല്ലെ ജില്ലയിലാണ് ദാരുണ സംഭവം. ഫ്രഞ്ച് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പബിലായിരുന്ന യുവതിയെ അഞ്ചുപേർ ചേർന്നാണ് ക്രൂരമായി പീഡിപ്പിച്ചത്. ആഫ്രിക്കക്കാരെന്ന് തോന്നിക്കുന്ന യുവാക്കളാണ് ഇതിന് പിന്നിലെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഇവരുടെ കൈയിൽ നിന്ന രക്ഷപ്പെട്ട യുവതി ഒരു കെബാബ് ഷോപ്പിൽ അഭയം പ്രാപിക്കുകയായിരുന്നു. റസ്റ്റോറന്റിലുള്ളവർ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും പാെലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
25-കാരിയായ യുവതി പേടിച്ചരണ്ട് കടയിലെത്തുന്നതും സഹായം ആവശ്യപ്പെട്ട് കേണപേക്ഷിക്കുന്നതും ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ യുവതി പീഡിപ്പിച്ച സംഘത്തിലുൾപ്പെട്ട ഒരാൾ കടയിലേക്ക് കടന്നുവരികയും ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ യുവതിയുടെ തോളിൽ തട്ടി ബലാത്സംഗ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്ന് പറയുന്നു. അപ്പോഴേക്കും റസ്റ്റോറന്റിലുണ്ടായിരുന്നവർ ഇയാൾക്ക് നേരെ തിരിഞ്ഞതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. യുവതിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. ഫോണും മോഷ്ടിക്കപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ എംബസി പ്രശ്നത്തിൽ ഇടപെട്ടു. ഫ്രഞ്ച് അധികൃതരിൽ നിന്ന് വിവരങ്ങൾ തേടി.