തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബജറ്റിലെ ഏറ്റവും വലിയ ഊന്നൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും നൈപുണ്യ വികസനത്തിനും വിദ്യാഭ്യാസത്തിനുമാണ്. തൊഴിലവസരങ്ങൾ അന്വേഷിച്ച് യുവാക്കൾ കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്ന സാഹചര്യമാണുളളത്. ആ സാഹചര്യം ഇല്ലാതാക്കാൻ ബജറ്റിലെ പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.
ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തിനും വി മുരളീധരൻ മറുപടി നൽകി. ബജറ്റിന് മുൻപായി മറ്റ് സംസ്ഥാനങ്ങൾ കൃത്യമായ പദ്ധതികളുമായിട്ടാണ് കേന്ദ്ര ധനമന്ത്രിയെ സമീപിക്കുന്നത്. എന്നാൽ കേരളം കുറച്ച് കണക്കുകൾ മാത്രമാണ് നൽകിയത്. പരിധി വെട്ടിക്കുറച്ചു എന്ന സുപ്രീംകോടതി തള്ളിയ വാദം വീണ്ടും ധനമന്ത്രിയുടെ മുൻപിലും അവതരിപ്പിക്കുകായായിരുന്നു. തലസ്ഥാന നഗരിയായി അമരാവതിയെ മാറ്റാനുളള പ്രത്യേക പദ്ധതിയാണ് ആന്ധ്ര ആവശ്യപ്പെട്ടതെന്ന് വി മുരളീധരൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
കേരളം സമർപ്പിച്ച 24,000 കോടിയുടെ പദ്ധതികളിൽ പ്രത്യേക പദ്ധതിയായി എടുത്ത് കാണിച്ചിട്ടുള്ളത് വിഴിഞ്ഞം പദ്ധതിയാണ്. പിന്നെയുളളത് ജനങ്ങളിൽ നിന്ന് വ്യാപക എതിർപ്പുയർന്ന സിൽവർ ലൈൻ ആണെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
എയിംസ് ബജറ്റിൽ പ്രഖ്യാപിച്ചില്ലെന്നതുകൊണ്ട് കേന്ദ്രം നിഷേധാത്മക നിലപാട് എടുത്തു എന്ന് പറയുന്നതിൽ അർത്ഥമില്ല. എയിംസിന് വേണ്ടി കൃത്യമായ മാനദണ്ഡം പാലിച്ചുകൊണ്ടുളള പ്രൊപ്പോസൽ സംസ്ഥാനം കൊടുത്തോ എന്ന് പരിശോധിക്കണം. നാല് സ്ഥലങ്ങൾ കണ്ടുവെച്ചുവെന്നാണ് പറഞ്ഞത്. ദുരന്ത നിവാരണ ഫണ്ട് കേരളത്തിന് അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അനുവദിച്ച പണം പോലും ചെലവഴിക്കാത്ത സാഹചര്യമാണ് മുൻവർഷങ്ങളിൽ ഉണ്ടായതെന്നും വി മുരളീധരൻ പറഞ്ഞു.
സംസ്ഥാനങ്ങൾക്കുളള പലിശരഹിത വായ്പാ പദ്ധതി നീട്ടാൻ തീരുമാനമെടുത്തത് കേരളത്തിന് പ്രയോജനപ്പെടുത്താം. ഒന്നര ലക്ഷം കോടി രൂപ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാനായി നീക്കിവെച്ചിട്ടുണ്ട്. കേരളം കിഫ്ബിയിൽ കൊടുക്കുന്ന പലിശയ്‌ക്ക് പകരം നിലവിലെ സാഹചര്യത്തിൽ മാറ്റമുണ്ടാക്കി അൻപത് വർഷക്കാലത്തെ പലിശ രഹിത വായ്പ പ്രയോജനപ്പെടുത്താനാകും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആ തുക പ്രയോജനപ്പെടുത്തണം. രാജ്യത്തിന് അകത്തുളള പൊതുവിപണിയിൽ നിന്നും പുറത്തുനിന്നും വായ്പയെടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാമെന്നു വി മുരളീധരൻ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ നടത്തിയ പ്രഖ്യാപനം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വളർത്തിയെടുക്കാൻ സഹായിക്കും. മുദ്രാവായ്പയുടെ പരിധി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങൾക്കായി 100 കോടി രൂപയുടെ വായ്പാ ഗ്യാരണ്ടി പ്രഖ്യാപിച്ച കാര്യവും വി മുരളീധരൻ പറഞ്ഞു. ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നവർ എടുക്കുന്ന വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതിയാണിത്. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുളളവർക്ക് ഉണ്ടായിരുന്ന ഏയ്ഞ്ചൽ ടാക്‌സ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും കേരളത്തിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.















