ബെംഗളൂരു: കൈവിരലുകളുടെയും കാൽ വിരലുകളുടെയും എണ്ണത്തിൽ കൗതുകമുണർത്തി കർണാടകയിൽ ജനിച്ച ആൺകുഞ്ഞ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. 35 കാരിയായ ഭാരതിയെന്ന യുവതിക്കാണ് 13 കൈവിരലുകളും 12 കാൽവിരലുകളുമുള്ള കുഞ്ഞ് ജനിച്ചത്.

ഇത്തരം കേസുകൾ വളരെ അപൂർവ്വമായാണ് സംഭവിക്കുകയെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ വിരലുകളുടെ എണ്ണത്തിലെ പ്രത്യേകതയെ ദൈവാനുഗ്രഹമായാണ് കുടുംബം വിശേഷിപ്പിക്കുന്നത്. കുഞ്ഞിന് വലതുകൈയ്യിൽ ആറ് വിരലുകളും ഇടത് കയ്യിൽ 7 വിരലുകളുമുണ്ട്. കാലുകൾ ഓരോന്നിലും ആറ് വിരലുകൾ വീതവുമുണ്ട്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വൈദ്യശാസ്ത്രപരമായി നവജാത ശിശുക്കളിൽ ജന്മനാ കാണുന്ന ജനിതകവൈകല്യമാണ് വിരലുകളുടെ എണ്ണം കൂടാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പോളിഡക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.















