ന്യൂഡൽഹി: ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന വാദം അപ്രസക്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. യുവാക്കൾക്കും സ്ത്രീകൾക്കും ഗുണം ലഭിക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളം പ്രത്യേക പദ്ധതികൾ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എയിംസിന് സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടില്ലെന്നും സുരേഷ്‌ഗോപി കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘കേരളത്തിൽ ചെറുപ്പക്കാരില്ലേ… കേരളത്തിൽ മത്സ്യത്തൊഴിലാളികൾ ഇല്ലേ.. കേരളത്തിൽ സ്ത്രീകൾ ഇല്ലേ…. ബജറ്റ് എന്താണെന്ന് എല്ലാവരും പരിശോധിച്ച് നോക്കൂ. എല്ലാം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളാണ്. എയിംസിന്റെ കാര്യം എന്താണ് പറഞ്ഞത്. ആദ്യം മുതൽ എയിംസ് വരും എന്നാണ് പറഞ്ഞത്. അതിന് കേരള സർക്കാർ കൃത്യമായി സ്ഥലം നൽകണം. കേരളത്തിലെ ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർക്കാണ് തൊഴിൽ അവസരങ്ങൾ നൽകിയിരിക്കുന്നത്.’- സുരേഷ് ഗോപി പറഞ്ഞു.
നൈപുണ്യ വികസനവും തൊഴിൽ ലഭ്യതയുംലക്ഷ്യംവച്ചുകൊണ്ടുളള നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുണ്ടായിരുന്നത്.
500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്കാണ് ഇൻറേൺഷിപ്പിന് അവസരം ഒരുക്കുന്നത്. ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും.















