ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള ഗംഗാവലി പുഴയിലെ തെരച്ചിൽ താത്കാലികമായി നിർത്തി. ശക്തമായ നീരൊഴുക്ക് കാരണമാണ് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് പകൽ ശക്തമായ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നീരൊഴുക്ക് കൂടിയത്. കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുളള തെരച്ചിൽ എട്ടാം ദിവസവും പിന്നിടുകയാണ്.
പുഴയിൽ കൃത്യമായി തെരച്ചിൽ നടത്തുന്നതിനായി ബോറിങ് യന്ത്രം എത്തിച്ചിട്ടുണ്ട്. നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് പുഴയിലിറങ്ങി യന്ത്രം ഉപയോഗിച്ച് തെരച്ചിൽ നടത്തുമെന്നും സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിൽ വീണ ടാങ്കർ പൊട്ടിത്തെറിച്ചുവെന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കർണാടക എസ്പി നാരായണ പറഞ്ഞു. ഇലക്ട്രിക് ലൈനുകളിൽ തട്ടി ഷോക്കേറ്റുമല്ല ആളുകൾ മരിച്ചതെന്നും കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.















